Quantcast

ഇന്ത്യ-ഓസീസ് ടെസ്റ്റ്: വിരാട് കോഹ്‌ലിക്ക് വമ്പൻ റെക്കോഡ്

ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് കോഹ്‌ലി

MediaOne Logo

Sports Desk

  • Updated:

    2023-03-11 13:00:12.0

Published:

11 March 2023 12:41 PM GMT

Indian Batter Virat Kohli has a huge record in the 4th Test against Australia.
X

kohli

അഹ്മദാബാദ്: ആസ്‌ത്രേലിയക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് വമ്പൻ റെക്കോഡ്. രാജ്യത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസെന്ന നാഴികക്കല്ലാണ് താരം കടന്നിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറിയുമായി (128 പന്തിൽ 59 റൺസ്) പുറത്താകാതെ നിൽക്കുകയാണ് കോഹ്‌ലി. ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് കോഹ്‌ലി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്. 94 ടെസ്റ്റുകളിൽ 7216 റൺസാണ് 52.67 ശരാശരിയിൽ താരം നേടിയിട്ടുള്ളത്. 70 ഹോം ടെസ്റ്റുകളിലായി 5598 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് പട്ടികയിൽ രണ്ടാമൻ. മൂന്നാമതുള്ള സുനിൽ ഗവാസ്‌കർ 65 ടെസ്റ്റുകളിൽ നിന്ന് 5067 റൺസാണ് അടിച്ചത്. വീരേന്ദർ സെവാഗാണ് നാലാമൻ. 52 ടെസ്റ്റുകളിൽ നിന്ന് 4656 റൺസാണ് വീരുവിന്റെ നേട്ടം. ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റിൽ തന്റെ 29ാമത് അർധസെഞ്ച്വറിയാണ് കോഹ്‌ലി കണ്ടെത്തിയിട്ടുള്ളത്.

2022 ജനുവരിക്ക് ശേഷം കോഹ്‌ലിയുടെ ആദ്യ അർധ സെഞ്ച്വറിയാണ് ഇന്ന് നേടിയത്. ടെസ്റ്റിലെ അവസാന 16 ഇന്നിംഗ്‌സുകളിലെയും ആദ്യ അർധസെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിൽ അർധസെഞ്ച്വറിക്കായുള്ള നീണ്ട ഇടവേളയാണ് ഈ കാലയളവ്. അതേസമയം, ചേതേശ്വർ പൂജാരയും മറ്റൊരു റെക്കോഡ് നേടി. ആസ്‌ത്രേലിയക്കെതിരെയുള്ള ബോർഡർ -ഗവാസ്‌കർ ട്രോഫിയിൽ 2000 റൺസാണ് താരം തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റിൽ 35 റൺസ് നേടി പുറത്തായെങ്കിലും രോഹിത് ശർമയെ തേടിയും റെക്കോർഡെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 17,000 റൺസെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററാണ് രോഹിത്.

അതിനിടെ, ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ വമ്പൻ സ്‌കോറിലേക്ക് നീങ്ങുകയാണ്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് ടീം നേടിയിരിക്കുന്നത്. സെഞ്ച്വറി നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര തുടങ്ങിയവരാണ് ഇന്ത്യക്കായി റൺസ് അടിച്ചുകൂട്ടിയത്. എന്നാൽ ഗിൽ, പൂജാര, രോഹിത് എന്നിവർ പുറത്തായിരിക്കുകയാണ്. നിലവിൽ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്.

ഓസീസ് പടുത്തുയർത്തിയ 480 റൺസെന്ന കൂറ്റൻ സ്‌കോർ മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്നത് ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ്. 35 റൺസ് നേടിയ രോഹിത് ശർമ പുറത്തായ ശേഷം പൂജാരയെയും പിന്നീട് കോഹ്‌ലിയെയും കൂട്ടുപിടിച്ചാണ് ഗിൽ മുന്നേറിയത്. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. 193 പന്തിൽ നിന്ന് 11 ഫോറുകളുടേയും ഒരു സിക്സിന്റേയും അകമ്പടിയിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. മോശം ഫോമിനെ തുടർന്ന് കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതിന് പിറകെ ടീമിലെത്തിയ ഗിൽ സെലക്ടർമാരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ 128 റൺസ് നേടി നിൽക്കവേ നഥാൻ ലിയോണിന്റെ പന്തിൽ എൽബിഡബ്ല്യൂവായി താരം പുറത്തായി. നിലവിൽ 191 റൺസിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്.

മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. 20 ാം ഓവറിലാണ് നായകൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായത്. കുൻമാന്റെ പന്തിൽ ലബൂഷെയ്‌ന് ക്യാച്ച് നൽകിയാണ് നായകന്റെ മടക്കം. ക്യാപ്റ്റൻ മടങ്ങിയതിന് ശേഷം പൂജാരയെ കൂട്ട് പിടിച്ച് സ്‌കോർ ബോർഡ് ഉയർത്തിയ ഗിൽ 90 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. മൂന്നാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പുജാര ഗിൽ ജോഡി പിരിഞ്ഞത്. ടോഡ് മുർഫി പൂജാരയെ എൽബിഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. ആസ്‌ത്രേലിയക്കായി കുഹ്‌നെമൻ, ലിയോൺ, മുർഫി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ശ്രേയസ് അയ്യർ, ശ്രീകാർ ഭരത്, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ അഹ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇനി വിജയം അനിവാര്യമാണ്. മൂന്നാം ടെസ്റ്റിലെ പരാജയത്തോടെ ഇന്ത്യയുടെ പോയന്റ് ശരാശരി താഴേക്ക് പോയിരുന്നു. 60.29 ആണ് നിലവില്‍ ഇന്ത്യയുടെ പോയിന്‍റ് ശരാശരി. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ശരാശരി 52.9 ആയി കുറയും.

നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. അഹ്മദാബാദ് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയോ ഇന്ത്യ പരാജയപ്പെടുകയോ ചെയ്താല്‍ ഇന്ത്യക്ക് ന്യൂസിലന്റ്- ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ ഫലം കാത്തിരിക്കേണ്ടി വരും. പരമ്പര ശ്രീലങ്ക തൂത്തുവാരിയാൽ ഇന്ത്യയെ പിന്തള്ളി അവർ സെമിയിൽ പ്രവേശിക്കും. ശ്രീലങ്കക്ക് ഇപ്പോൾ 53.33 പോയിന്റ് ശരാശരിയാണുള്ളത്. ആസ്‌ത്രേലിയ നേരത്തേ തന്നെ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഓസീസിന് 68.52 പോയിന്റ് ശരാശരിയാണുള്ളത്. നേരത്തേ തന്നെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കങ്കാരുക്കൾക്ക് ഫൈനലിൽ പ്രവേശിക്കാൻ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഒരു ജയമോ പരമ്പര സമനിലയിലെത്തിക്കുകയോ ചെയ്താൽ മതിയായിരുന്നു.

Indian Batter Virat Kohli has a record in the 4th Test against Australia.

TAGS :

Next Story