'ഭക്ഷണം കളിക്കാരുടെ ചോയ്‌സ്, അതിൽ ഇടപെടാറില്ല'; ഹലാൽ റിപ്പോർട്ടിൽ ബിസിസിഐ
"എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ കളിക്കാരോട് നിർദേശിക്കാറില്ല."
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ബീഫും പോർക്കും നിരോധിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. എന്ത് കഴിക്കണമെന്ന് താരങ്ങളോട് ആവശ്യപ്പെടാറില്ലെന്നും അതവരുടെ സ്വാതന്ത്ര്യമാണ് എന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് ധുമാലിന്റെ പ്രതികരണം.
'ഇത് (ഭക്ഷണക്രമം) ചർച്ച ചെയ്യാറോ നിർബന്ധിക്കാറോ ഇല്ല. ഇങ്ങനെയൊരു തീരുമാനം എന്നെടുത്തുവെന്നോ അങ്ങനെ ഉണ്ടോ എന്നു പോലുമറിയില്ല. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കാറില്ല. അത് കളിക്കാരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബിസിസിഐക്ക് അതിൽ പങ്കില്ല' - അദ്ദേഹം വ്യക്തമാക്കി.
'എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ കളിക്കാരോട് നിർദേശിക്കാറില്ല. ഭക്ഷണം തെരഞ്ഞെടുക്കാന്‍ കളിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. വെജിറ്റേറിയൻ വേണമെങ്കിൽ അതവരുടെ സ്വാതന്ത്ര്യം. വീഗൻ ആകണമെങ്കിൽ അതും അവരുടെ സ്വാതന്ത്ര്യം. നോൺ വെജ് ആകുന്നുവെങ്കിൽ അതും അവരുടെ ചോയ്‌സ്' - അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പരമ്പരകൾക്ക് മുമ്പോടിയായി പുറത്തിറക്കിയ ഭക്ഷണ ക്രമത്തിലാണ് ബീഫും പോർക്കും വേണ്ടെന്ന നിർദേശമുണ്ടായിരുന്നത്. എല്ലാ ഇറച്ചിയും ഹലാല്‍ സര്‍ട്ടിഫൈഡ് ആയിരിക്കണമെന്ന് നിർദേശത്തിലുണ്ടായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിന് പിന്നാലെ നിരവധി പേർ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കമന്റ് ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് ബിസിസിഐ വിശദീകരിക്കണം.
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ടി20 പരമ്പരയിലെ മൂന്നു മത്സരവും ഇന്ത്യ ജയിച്ചിരുന്നു. നവംബർ 25ന് കാൻപൂരിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിൽ അജിൻക്യ രഹാനെയാണ് നായകൻ. വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം ചേരും.
Adjust Story Font
16