മകൻ അറിയപ്പെടുന്ന ക്രിക്കറ്റർ, എന്നിട്ടും കെ.എൽ രാഹുലിന്റെ അമ്മ ഹാപ്പിയല്ല; കാരണമിതാണ്
നേരത്തെ ചില പരമ്പരകളിൽ ഞാൻ ഇന്ത്യൻ ടീം നായകനായതും ഐപിഎൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റനായതുമൊന്നും അമ്മയ്ക്ക് വിഷയമേയല്ല.
ബെംഗളൂരു: ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് കെ എൽ രാഹുൽ. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും സമീപ കാലത്ത് മിന്നും ഫോമിലാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. എന്നാൽ തന്റെ ജീവിതത്തിലെ വ്യത്യസ്തമായൊരു അനുഭവം തുറന്നുപറയുകയാണ് രാഹുൽ. ക്രിക്കറ്റ് കരിയർ തിരഞ്ഞെടുത്തതിൽ അമ്മ രാജേശ്വരിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ താരം സ്‌പോർട്‌സ് മാധ്യമത്തിന് നൽകിയ ഇന്റർവ്യുവിൽ പറയുന്നു.
ചില പരമ്പരകളിൽ ഞാൻ ഇന്ത്യൻ ടീം നായകനായതും ഐപിഎൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റനായതുമൊന്നും അമ്മയ്ക്ക് വിഷയമേയല്ല. എനിക്കൊരു ഡിഗ്രിയില്ലാത്തതും സ്ഥിരവരുമാനമുള്ള ജോലിയില്ലാത്തതും പറഞ്ഞാണ് കരിയറിലെ തുടക്ക കാലത്ത് അവർ എപ്പോഴും ആകുലപ്പെട്ടിരുന്നത്. സപ്ലിയായ ആ 30 പേപ്പർ എന്തുകൊണ്ടാണ് നീ എഴുതിയെടുക്കാത്തത്. ഇതാണ് അവർക്ക് എപ്പോഴും ചോദിക്കാനുണ്ടാവുക-രാഹുൽ പറഞ്ഞു.
ഞാൻ ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതൊന്നും അവർക്ക് അറിയുകയേ വേണ്ട- ഇന്റർവ്യൂവിൽ കെ.എൽ രാഹുൽ പറഞ്ഞു. 'ദേശീയ ടീമിലെത്തിയതിനെ തുടർന്ന് എനിക്ക് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായി സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി ലഭിച്ചിരുന്നു. കേന്ദ്ര സർക്കാർ ജോലിയാണല്ലോ, ആ ഒരു സമയത്താണ് അമ്മയെ വലിയ സന്തോഷവതിയായി കണ്ടത്. ഞാൻ ക്രിക്കറ്റ് കളിച്ചുനടന്നാലും സ്ഥിരവരുമാനമുള്ള ജോലിയായല്ലോ എന്നായിരുന്നു അമ്മയുടെ മനസിൽ. സമൂഹമാധ്യമങ്ങളിൽ രാഹുൽ പങ്കുവെച്ച ഈ വീഡിയോ വൈറലാണ്.
കഴിഞ്ഞ ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ് ദീർഘകാലം കളത്തിന് പുറത്തായ രാഹുൽ പാകിസ്താനെതിരായ ഏഷ്യാകപ്പ് മത്സരത്തിലേക്കാണ് മടങ്ങിയെത്തിയത്. തിരിച്ചുവരവിലെ ആദ്യഅങ്കത്തിൽതന്നെ സെഞ്ചുറി തികച്ച താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. നിലവിൽ നടന്നുവരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും 31കാരൻ മികച്ച ഫോമിലാണ്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ താരം ഇപ്പോൾ വിശ്രമത്തിലാണ്.
Adjust Story Font
16