Quantcast

കളി ഇനി കാക്കിയിൽ; തെലങ്കാന പൊലീസിൽ ഡിഎസ്പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

ഡിഎസ്പിയായെങ്കിലും സിറാജ് കായികരം​ഗത്ത് തുടരും.

MediaOne Logo

Web Desk

  • Updated:

    2024-10-11 15:34:46.0

Published:

11 Oct 2024 3:15 PM GMT

Indian Pacer Mohammed Siraj Takes Charge As DSP At Telangana Police
X

ഹൈദരാബാദ്: കളിക്കളത്തിൽ പന്ത് കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന മുഹമ്മദ് സിറാജിന്റെ തലയിൽ ഇനി മുതൽ കാക്കിത്തൊപ്പിയും. ഇന്ത്യൻ പേസർ തെലങ്കാന പൊലീസിൽ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു. വെള്ളിയാഴ്ച തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് താരം ചുമതലയേറ്റെടുത്തത്. ഹൈദരാബാദ് സ്വദേശിയായ താരത്തിന് തെലങ്കാന സർക്കാർ ആണ് നിയമനം നൽകിയത്.

എം.പി എം. അനിൽ കുമാർ യാദവ്, തെലങ്കാന മൈനോരിറ്റീസ് റെസിഡെൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിസ്റ്റ്യൂഷൻസ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീൻ ഖുറേഷി എന്നിവരും സിറാജിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സർക്കാർ പദവിയും സർക്കാർ ജോലിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വാ​ഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിഎസ്പി പദവിയിലൂടെ സർക്കാർ നിറവേറ്റിയത്.

ഡിഎസ്പിയായെങ്കിലും സിറാജ് കായികരം​ഗത്ത് തുടരും. പുതിയ ചുമതലയേറ്റതിനു പിന്നാലെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് താരം നന്ദി അറിയിച്ചു. സിറാജിന്റെ പുതിയ നിയമനം സംബന്ധിച്ച വിവരം തെലങ്കാന പൊലീസ് സോഷ്യൽമീഡീയയിൽ പങ്കുവച്ചു.

'ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്പിയായി നിയമിച്ചു. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് നേട്ടങ്ങൾക്കും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തിനും ആദരമായാണ് ഈ പദവി. തൻ്റെ പുതിയ റോളിൽ ഏവർക്കും പ്രചോദനമായി അദ്ദേഹം തൻ്റെ ക്രിക്കറ്റ് ജീവിതം തുടരും'- തെലങ്കാന പൊലീസ് എക്സ് പോസ്റ്റിൽ വിശദമാക്കി.

നേരത്തെ, ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗം കൂടിയായ മുഹമ്മദ് സിറാജിന് വീട് വയ്ക്കാൻ തെലങ്കാന സർക്കാർ സ്ഥലം നൽകിയിരുന്നു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ റോഡ് നമ്പർ 78ൽ 600 ചതുരശ്ര യാർഡ് സ്ഥലമാണ് അനുവദിച്ചത്. ജൂലൈ 31ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലായിരുന്നു സിറാജിന് സ്ഥലവും സർക്കാർ ജോലിയും നൽകാൻ രേവന്ദ് റെഡ്ഡി സർക്കാർ തീരുമാനിച്ചത്.

ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദിൽ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദർശിച്ചപ്പോൾ ഇക്കാര്യം അദ്ദേഹം നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലോ സമീപപ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർ​ദേശവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജൂബിലി ഹിൽസിൽ സ്ഥലം കണ്ടെത്തിയതും നൽകിയതും.

നേരത്തെ സിറാജിൻ്റെ നേട്ടങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, അദ്ദേഹം സംസ്ഥാനത്തിനും രാജ്യത്തിനും വലിയ അഭിമാനമാണെന്നും പറഞ്ഞിരുന്നു.

നിലവിൽ ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവനിൽ സ്ഥിരമായ സിറാജ്, അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒക്ടോബർ 16ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം അടുത്തതായി പന്തെടുക്കുക.

കഴിഞ്ഞവർഷം സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയപ്പോൾ വിജയത്തിന്റെ നെടുംതൂണായത് സിറാജായിരുന്നു. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേറുത്തത്. ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ സിറാജ് ആറ് ലങ്കന്‍ മുന്‍നിര വിക്കറ്റുകളാണ് പിഴുതത്.

30കാരനായ സിറാജ് 2017ലാണ് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്. ഇതുവരെ 29 ടെസ്റ്റുകളിൽ നിന്നായി 78ഉം 44 ഏകദിനങ്ങളിൽ നിന്നായി 71ഉം 16 ടി20 മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.





TAGS :

Next Story