Quantcast

വീണ്ടും മുംബൈ ഇന്ത്യൻസ് അപമാനം; ഇന്ത്യൻ ടീം പോസ്റ്ററിൽ നിന്നും രോഹിതിനെ വെട്ടി, വിമർശനവുമായി ആരാധകർ

മുംബൈ താരം കൂടിയായ ജസ്പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    14 Jan 2024 10:48 AM GMT

വീണ്ടും മുംബൈ ഇന്ത്യൻസ് അപമാനം; ഇന്ത്യൻ ടീം പോസ്റ്ററിൽ നിന്നും രോഹിതിനെ വെട്ടി, വിമർശനവുമായി ആരാധകർ
X

മുംബൈ: മുന്നറിയിപ്പില്ലാതെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ രോഹിത് ശർമ്മയെ വീണ്ടും അവഗണിച്ച് മുംബൈ ഇന്ത്യൻസ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ടീം പ്രഖ്യാപന പോസ്റ്ററിൽ നിന്നാണ് ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ രോഹിതിനെ വെട്ടിയത്.മുംബൈ താരം കൂടിയായ ജസ്പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.സമൂഹമാധ്യമങ്ങളിൽ മുംബൈയുടെ ഔദ്യോഗിക പേജിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ഇതോടെ മുംബൈ മാനേജ്‌മെന്റിനെതിരെ ആരാധകർ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീം ക്യാപ്റ്റനെന്ന പരിഗണന പോലും നൽകിയില്ലെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‌സ് ഉൾപ്പെടെയുള്ള മറ്റു ഫ്രാഞ്ചൈസികൾ പോസ്റ്ററിൽ രോഹിതിനെ ഉൾപ്പെടുത്തിയത് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇത്തവണ താരലേലത്തിന് തൊട്ടു മുൻപാണ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് അപ്രതീക്ഷിത നീക്കത്തിൽ മുബൈ ഹാർദികിനെ കൂടാരത്തിലെത്തിച്ചത്. വൈകാതെ രോഹിതിനെ മാറ്റി ക്യാപ്റ്റൻ സ്ഥാനവും നൽകിയിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്‌സിൽ വൻകൊഴിഞ്ഞു പോക്കുമുണ്ടായി. ഇതിന് പിന്നാലെയാണ് പോസ്റ്ററിൽ നിന്നും ഹിറ്റ്മാനെ ഒഴിവാക്കി മുംബൈ വീണ്ടും വെട്ടിലായത്. സംഭവം വിവാദമായതോടെ രോഹിതിനെ മാത്രം ഉൾപ്പെടുത്തി മറ്റൊരു പോസ്റ്ററുമായെത്തിയിരിക്കുകയാണ് ക്ലബ് അധികൃതർ. അഫ്ഗാനെതിരെ ഇന്ന് നടക്കുന്ന രണ്ടാം ട്വന്റി 20 മത്സര പോസ്റ്ററിലാണ് രോഹിത് ഇടംപിടിച്ചത്. രോഹിതിന് കീഴിൽ അഞ്ച് തവണയാണ് മുംബൈ ഐ.പി.എൽ ചാമ്പ്യൻമാരായത്. മാർച്ച് 22നാണ് ഐപിഎൽ പുതിയ സീസൺ ആരംഭിക്കുക.

TAGS :

Next Story