'എന്താ ഇങ്ങനെ?': മധ്യ ഓവറുകളിലെ ഇന്ത്യയുടെ മെല്ലെപ്പോക്കിൽ ചർച്ചയുമായി ജയ്ഷായും ഗാംഗുലിയും
7-15 ഓവറുകളെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ലെന്നാണ് വിലയിരുത്തൽ
മുംബൈ: ഇന്ത്യൻ ബാറ്റിങിന്റെ മധ്യഓവറുകളിലെ മെല്ലെപ്പോക്കിൽ അതൃപ്തി പ്രകടമാക്കി ബി.സി.സി.ഐ. ഏഷ്യാകപ്പ് തോൽവി പരിശോധിച്ചാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും അതൃപ്തി പ്രകടിപ്പിച്ചത്. സെലക്ഷൻ കമ്മിറ്റിയോടാണ് ഇരുവരും അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 7-15 ഓവറുകളെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ലെന്നാണ് വിലയിരുത്തൽ.
അടുത്ത മാസം 16ന് ടി20 ലോകകപ്പ് തുടങ്ങാനിരിക്കെയാണ് ഇന്ത്യയുടെ സാധ്യതകൾ പരിശോധിച്ചത്. പാകിസ്താനെതിരെയാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരം. തിങ്കളാഴ്ചയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. 'വിഷയം ചർച്ച ചെയ്തതായി ബി.സി.സി.ഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ടീം ഇന്ത്യയിൽ മെച്ചപ്പെടുത്തേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, പ്രത്യേകിച്ച് മധ്യഓവറുകളിലെ ബാറ്റിങ്, എല്ലാവരും ഒരുപോലെ ഇക്കാര്യം സമ്മതിച്ചെന്നും' അദ്ദേഹം പറഞ്ഞു. ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ മധ്യഓവറുകൾ പരാജയമായിരുന്നു.
പാകിസ്താനെതിരെ 59, ഹോങ്കോങിനെതിരെ 62, പാകിസ്താനെതിരെ രണ്ടാമത്തെ മത്സരത്തിൽ 62 എന്നിങ്ങനെയായിരുന്നു 7 മുതൽ 15 ഓവർ വരെ ഇന്ത്യ നേടിയത്. ഇതില്‍ പ്രധാനപ്പെട്ട വിക്കറ്റുകളും നഷ്ടമായിരുന്നു. കൂട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മെച്ചപ്പെട്ട പ്രകടനം. ആ മത്സരത്തിൽ 78 റൺസാണ് നേടിയത്. മധ്യഓവറുകളിലെ സ്‌കോറിങ് പതുക്കെ ആകുന്നത് പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള മികച്ച ബാറ്റർമാർ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ടീം ഇന്ത്യയുടെ ടി20 സെലക്ഷനെതിരെ വിമർശനം ഉയരുന്നുണ്ട്. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പകരം സഞ്ജു സാംസണ് അവസരം കൊടുക്കണമെന്ന വാദമാണ് പലരും പങ്കുവെക്കുന്നത്.
പേസര്‍ മുഹമ്മദ് ഷമിയെ സ്റ്റാൻഡ് ബൈ ആയി ഉൾപ്പെടുത്തിയതിനെയും ചിലർ വിമർശിക്കുന്നു. മുൻ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീൻ തന്റെ നീരസം പരസ്യമായി പ്രകടമാക്കുകയും ചെയ്തു. അതേസമയം ടി20 ലോകകപ്പിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ അനുഭവസമ്പത്തിനാണ് മുൻതൂക്കം നൽകിയത്. രവിചന്ദ്ര അശ്വിൻ, ദിനേശ് കാർത്തിക്, രോഹിത് ശർമ്മ എന്നിവരാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ മുതിർന്ന താരങ്ങൾ. ഏഷ്യാകപ്പ് തോല്‍വിയിലെ നിരാശയും വിമര്‍ശനവും ഇല്ലാതാക്കണമെങ്കില്‍ ടി20 സ്വന്തമാക്കിയെ തീരൂ.
Adjust Story Font
16