ഇഷാൻ കിഷന് തേനീച്ചയുടെ കുത്ത്, സൂര്യകുമാറിന് കൈക്ക് പരിക്ക്; ടീം റിപ്പോർട്ട് ഇങ്ങനെ...
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായതാണ്.
ധരംശാല: ഏകദിന ലോകകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പില്‍ പരിക്ക് ആശങ്കകള്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായതാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങള്‍.
പരിശീലനത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. താരത്തിന് കൈ മുട്ടില്‍ പന്ത് കൊണ്ടു. ഉടന്‍ തന്നെ താരം പരിശീലനം അവസാനിപ്പിച്ചു. പരിക്കേറ്റ ഭാഗത്ത് ഐസ് വെച്ച് ഇരിക്കുകയായിരുന്നു പിന്നീട്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ഇന്ത്യ പരിഗണിക്കേണ്ടിയിരുന്ന താരമായിരുന്നു സൂര്യ. എന്നാല്‍ സൂര്യയുടെ പരിക്ക് അത്ര പ്രശ്നമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടം കൈയന്‍ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ തേനീച്ച കുത്തിയതാണ് പുലിവാലായത്. കഴുത്തിന്റെ പിന്‍വശത്താണ് കിഷന് തേനീച്ചക്കുത്തേറ്റത്. പരിശീലനം നടത്തുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം. ഇഷാനും വിശ്രമം നല്‍കേണ്ടി വന്നേക്കും. എന്നാല്‍ താരങ്ങളുടെ ഇന്നത്തെ അവസ്ഥ മനസിലാക്കിയാകും അന്തിമ തീരുമാനം എടുക്കുക.
അതേസമയം ഷര്‍ദുല്‍ താക്കൂറിന് പകരക്കാരനായി മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷമിയുടെ പേര് സജീവമായിരുന്നുവെങ്കിലും ഇന്ത്യ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പാണ്.
ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികൾക്ക് മേൽ സർവ്വാധിപത്യം പുലർത്തിയാണ് വിജയങ്ങൾ സ്വന്തമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടർക്കും ആശങ്കകളില്ല.
Adjust Story Font
16