Quantcast

'വെങ്കി-ത്രിപാഠി ഷോ';മുംബൈയെ മുക്കി കൊല്‍ക്കത്ത

72 റണ്‍സെടുത്ത ത്രിപാഠിയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍

MediaOne Logo

Web Desk

  • Updated:

    2021-09-23 17:36:07.0

Published:

23 Sep 2021 5:34 PM GMT

വെങ്കി-ത്രിപാഠി ഷോ;മുംബൈയെ മുക്കി കൊല്‍ക്കത്ത
X

മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട കൊല്‍ക്കത്തയെ പരീക്ഷിക്കാന്‍ മുംബൈ നിരയിലെ ഒരു ബോളര്‍ക്കും സാധിച്ചില്ല. 40 റണ്‍സ് എത്തി നില്‍ക്കെയാണ് കൊല്‍ക്കത്തയ്ക്ക് ആദ്യവിക്കറ്റ് നഷ്ടപ്പെടുന്നത്. 13 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ബുംറയാണ് പുറത്താക്കിയത്. എന്നാല്‍ പിന്നീടെത്തിയ രാഹുല്‍ ത്രിപാഠിയും ഓപ്പണര്‍ വെങ്കിടേഷ് അയ്യരും ചേര്‍ന്ന് വിജയലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുകയായിരുന്നു.

128 റണ്‍സില്‍ എത്തി നില്‍ക്കെ ബുംറയുടെ പന്തില്‍ വെങ്കിടേഷ് അയ്യര്‍ പുറത്താകുമ്പോഴേക്കും കൊല്‍ക്കത്ത വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ ഏഴ് റണ്‍സെടുത്ത് പുറത്തായെങ്കിലും നിതീഷ് റാണയും ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.

72 റണ്‍സെടുത്ത ത്രിപാഠിയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍. വെങ്കിടേഷ് അയ്യര്‍ ടീമിനായി അര്‍ധസെഞ്ച്വറിയും നേടി. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.

ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടിയിരുന്നു. തകര്‍പ്പന്‍ തുടക്കമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് ടീമിന് നല്‍കിയത്. ഡി കോക്കാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ പത്താം ഓവറിലെ രണ്ടാം പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ച് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു.

30 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് നരെയ്ന്‍ മടക്കിയത്. സിക്‌സ് നേടാനുള്ള രോഹിത്തിന്റെ ശ്രമം ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യില്‍ അവസാനിച്ചു. മത്സരത്തില്‍ 18 റണ്‍സ് നേടിയതോടെ രോഹിത് കൊല്‍ക്കത്തയ്‌ക്കെതിരേ 1000 റണ്‍സ് തികച്ചു. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരേ ആദ്യമായാണ് ഒരു താരം 1000 റണ്‍സ് നേടുന്നത്.

രോഹിതിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം 11 റണ്‍സ് കൂട്ടിച്ചേര്‍ത്തിന് ശേഷം അടുത്ത വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. പിന്നീട് മുംബൈയുടെ ടോപ് സ്‌കോറര്‍ ക്വിന്റണ്‍ ഡീക്കോക്കിന്റെ വിക്കറ്റും നഷ്ടമായതോടെ ടീം കൂടുതല്‍ സമ്മര്‍ദത്തിലായി. 42 പന്തില്‍ നിന്ന് 55 റണ്‍സാണ് ഡീക്കോക്ക് ടീമിനായി നേടിയത്. 119 റണ്‍സ് എത്തി നില്‍ക്കെ ഇഷാന്‍ കിഷന്റെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായതോടെ കൂടുതല്‍ തകര്‍ച്ചയിലേക്കാണോ ടീം പോകുന്നതെന്ന് തോന്നി. എന്നാല്‍ പൊള്ളാര്‍ഡും ക്രുണാലും ചേര്‍ന്ന് ടീമിനെ 150 കടത്തുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി പ്രസിദ് കൃഷ്ണയും ലോക്കി ഫെല്‍ഗൂസനും രണ്ടു വിക്കറ്റുകളും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും നേടി.

TAGS :

Next Story