'തകർപ്പൻ തെവാട്ടിയ'; ജയത്തോടെ വരവറിയിച്ച് ഗുജറാത്ത്
5 വിക്കറ്റിനാണ് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചത്
മുംബൈ: ഐപിഎല്ലിൽ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം.5 വിക്കറ്റിനാണ് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചത്. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും ഡേവിഡ് മില്ലറും നടത്തിയ വെടിക്കെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്. തെവാട്ടിയ 24 പന്തിൽ 40 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ ഡേവിഡ് മില്ലർ 21 പന്തിൽ 30 റൺസെടുത്ത് പുറത്തായി. ലക്‌നൗവിനായി ദുഷന്ത് ചമീര രണ്ട് വിക്കറ്റെടുത്തപ്പോൾ ആവേശ് ഖാനും ക്രുനാൽ പാണ്ഡ്യയും ദീപക്ക് ഹൂഡയും ഓരോ വിക്കറ്റെടുത്തു.
അതേസമയം, ആദ്യം ബാറ്റുചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസ് നേടിയത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ തുടക്കമാണ് ഷമി, ഗുജറാത്തിന് വേണ്ടി പുറത്തെടുത്തത്.
ആദ്യ പന്തിൽ തന്നെ നായകൻ ലോകേഷ് രാഹുലിനെ പുജ്യത്തിന് ഷമി മടക്കി. 29 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ ലക്നൗ വിയർത്തു. ഡികോക്ക്(7) എവിൻ ലെവിസ്(10) മനീഷ് പാണ്ഡെ(6) എന്നിവർ വേഗത്തിൽ കൂടാരം കയറി. 29ന് നാല് എന്ന നിലയിൽ തരിപ്പണമായ ലക്നൗവിനെ പിന്നീട് കരകയറ്റിയത് ദീപക് ഹൂഡയും യുവതാരം ആയുഷ് ബദോനിയും ചേർന്നായിരുന്നു. ഇരുവരും അർദ്ധ ശതകം നേടി. 41 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിങ്സ്.
സാഹചര്യം മനസിലാക്കി കളിച്ച ഹൂഡ മോശം പന്തുകളെ അതിർത്തി കടത്തുകയും ചെയ്തു. ടീം സ്‌കോർ 116ൽ എത്തിച്ചാണ് ദീപക് ഹൂഡ മടങ്ങിയത്. പിന്നാലെ എത്തിയ ക്രൂണാൽ പാണ്ഡ്യയും ബദോനിയും ചേർന്ന് ടീം സ്‌കോർ 159ൽ എത്തിക്കുകയായിരുന്നു. ഇതിൽ ശ്രദ്ധേയമായത് ആയുഷ് ബദോനിയുടെ ഇന്നിങ്സ് ആയിരുന്നു. ആഭ്യന്തര മത്സരങ്ങളിലാണ് മികവാണ് താരത്തെ ടീമിൽ എത്തിച്ചത്. ആദ്യ അവസരം തന്നെ ബദോനി മുതലെടുത്തു. 41 പന്തുകളിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സറുകളും അടക്കം 54 റൺസാണ് താരം നേടിയത്.
ക്രൂണാൽ പാണ്ഡ്യ 13 പന്തിൽ 21 റൺസെടുത്തു പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഗുജറാത്തിനായി തിളങ്ങിയത്. ആദ്യ ഓവറുകളിൽ തിളങ്ങിയ ഷമിയുടെ അവസാന ഓവറിൽ പതിനഞ്ച് റൺസ് പിറന്നു.
Adjust Story Font
16