ഗ്രൂപ്പുകൾ, സീഡിങ്- ഇത്തവണ ഐപിഎൽ അടിമുടി മാറും
വ്യത്യസ്ത ഗ്രൂപ്പുകളിലാണെങ്കിലും ചിരവൈരികളായ ചെന്നൈയും മുംബൈയും രണ്ടുപ്രാവശ്യം ഏറ്റുമുട്ടും
ക്‌നൗ, ഗുജറാത്ത് എന്നീ ടീമുകൾ കൂടെ ഉൾപ്പെട്ട് ആകെ ടീമുകളുടെ എണ്ണം 10 ആയതോടെ ഐപിഎല്ലിന്റെ മത്സരഘടന അടിമുടി മാറുന്നു. 2022 ഐപിഎൽ സീസണിൽ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. ടീമിന്റെ കപ്പുകളുടെ എണ്ണം കണക്കാക്കിയുള്ള സീഡിങ് അനുസരിച്ചാണ് ഗ്രൂപ്പുകൾ തിരിച്ചിരിക്കുന്നത്.
അഞ്ചു കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസാണ് ഗ്രൂപ്പ് എയിൽ ഒന്നാമൻ. രണ്ടാമതുള്ള രണ്ട് കിരീടങ്ങളുടെ കൊൽക്കത്തയാണ്. മൂന്നാമത് ഒരു കിരീടവുമായി രാജസ്ഥാനും. നാലാമത് ഡൽഹിയും പുതിയ അംഗമായ ലക്‌നൗവും.
ഗ്രൂപ്പ് ബിയിൽ മുന്നിൽ നിൽക്കുന്നത് നാലു കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിങ്‌സാണ്. രണ്ടാമത് ഒരു കിരീടമുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ്. ബാംഗ്ലൂരും, പഞ്ചാബും ഗുജറാത്തുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
എല്ലാ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങളാണ് കളിക്കേണ്ടത്. അതിൽ ഏഴ് മത്സരങ്ങൾ ഹോം മത്സരങ്ങളായും ഏഴെണ്ണം എവേ മത്സരങ്ങളുമായും പരിഗണിക്കും. ആകെ 70 മത്സരങ്ങളാണ് ലീഗിലുണ്ടാകുക.
ആദ്യം ഗ്രൂപ്പിലെ മറ്റു നാലു ടീമുകളുമായി രണ്ട് മത്സരങ്ങൾ കളിക്കണം. അതിനുശേഷം അടുത്ത ഗ്രൂപ്പിലെ സെയിം സീഡിലുള്ള ടീമുമായി രണ്ട് മത്സരങ്ങൾ പിന്നെ മറു ഗ്രൂപ്പിലെ നാലു ടീമുമായി ഓരോ മത്സരങ്ങൾ ഇതാണ് മത്സരക്രമം.
ഉദാഹരണത്തിന് മുംബൈ ഇന്ത്യൻസ് ഗ്രൂപ്പ് എയിലെ മറ്റു നാലു ടീമുകളായ കൊൽക്കത്ത, രാജസ്ഥാൻ, ഡൽഹി, ലക്‌നൗ എന്നീ ടീമുകളുമായി രണ്ട് മത്സരങ്ങൾ കളിക്കും. അതിനു ശേഷം ഗ്രൂപ്പ് ബിയിൽ സെയിം സീഡിലുള്ള ചെന്നൈയുമായി രണ്ട് മത്സരങ്ങൾ കളിക്കും. അതിനുശേഷം ബി ഗ്രൂപ്പിലെ ടീമുകളായി ഓരോ മത്സരവും കളിക്കും.
മുംബൈയിലും പൂനെയിലുമായി നാലു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. വാങ്കഡെയിൽ 20 മത്സരങ്ങൾ നടക്കും. മുബൈയിലെ സിസിഐ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളും മുംബൈയിലെ തന്നെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ 20 മത്സരങ്ങളും പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ 15 മത്സരങ്ങളും നടക്കും.
അതേസമയം മത്സരത്തിന്റെ അന്തിമ ഫിക്‌സച്ചർ പുറത്തുവന്നിട്ടില്ല. മാർച്ച് ആദ്യവാരം മത്സരക്രമം പുറത്തിറക്കുമെന്നാണ് ഐപിഎൽ അധികൃതർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16