ഗംഭീറും കോഹ്ലിയും വീണ്ടും നേർക്കുനേർ; ഈഡൻഗാർഡനിൽ ഇരുവരും സംസാരിച്ചത് ?
നേരത്തെ മഹേന്ദ്ര സിങ് ധോണിയുമായി ഗൗതം ഗംഭീർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.
കൊൽക്കത്ത: കഴിഞ്ഞ ഐപിഎൽ സീസണിലെ വലിയ വിവാദം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള വാഗ്വാദമായിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സ് -റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെയാണ് സംഭവം. അന്ന് ലഖ്നൗ പരിശീലകനായിരുന്ന ഗംഭീർ, മത്സരശേഷം കോഹ്ലിയുമായി പരസ്യമായി വാക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ 17ാം സീസൺ ഐപിഎല്ലിൽ കഥമാറി. ഗംഭീറും-കോഹ്ലിയും പിണക്കം മറന്ന് പരസ്പരം സംസാരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള മഞ്ഞുരുകൽ.
ഇതിന്റെ തുടർച്ചയായാണ് ഇന്ന് കൊൽക്കത്ത തട്ടകമായ ഈഡൻ ഗാർഡനിലെ ട്രെയിനിങ് സമയത്തും ഇരുവരും കണ്ടുമുട്ടിയത്. കൊൽക്കത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇവർ തമ്മിൽ എന്താണ് സംസാരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.കഴിഞ്ഞ ഏകദിന ലോകകപ്പിലെ പുറത്താകൽ സംബന്ധിച്ച് കോഹ്ലി വിശദീകരിച്ചുനൽകുകയാണെന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. എന്തായാലും ഗംഭീറും കോഹ്ലിയും തമ്മിൽ വീണ്ടുമൊരു പ്രശ്നത്തിലേക്ക് അല്ലെന്ന് വീഡിയോയിൽ നിന്നുവ്യക്തമാണ്.
നേരത്തെ മഹേന്ദ്രസിങ് ധോണിയുമായി ഗൗതം ഗംഭീർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇരുതാരങ്ങൾക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രചരണത്തിനിടെയാണ് ഐപിഎൽ കെകെആർ-ചെന്നൈ മത്സരത്തിന് മുന്നോടിയായി ഇരുവരും കണ്ടുമുട്ടിയത്. ഇന്ത്യ കിരീടം നേടിയ 2011 ലോകകപ്പിൽ ഗൗതംഗംഭീറിന്റെ ഇന്നിങ്സ് മറച്ചുവെച്ച് ധോണിക്ക് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ഗംഭീർ നേരത്തെ രംഗത്തെത്തിയിരുന്നു.
Adjust Story Font
16