24.75 കോടി,സ്റ്റാറായി സ്റ്റാർക്ക്; റെക്കോർഡ് തുകയ്ക്ക് സ്റ്റാർക്കിനെ സ്വന്തമാക്കി കെകെആർ
ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്
2024 ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലം പൊടിപൊടിക്കുമ്പോൾ നേട്ടം കൊയ്യുന്നത് ആസ്‌ത്രേലിയൻ താരങ്ങളാണ്. വമ്പൻ തുക മുടക്കിയാണ് ഒസീസ് താരങ്ങളെ ടീമുകൾ സ്വന്തമാക്കുന്നത്. 20 കോടി 50 ലക്ഷത്തിന് പാറ്റ് കമ്മിൻസിനെ സൺറൈസേഴ്‌സ് സ്വന്തമാക്കിയതായിരുന്നു ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ആസ്‌ത്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ആ തുകയും തകർത്തു മുന്നിലെത്തി. നീണ്ട നേരത്തെ മുറുകിയ ലേലത്തിനൊടുവിൽ 24 കോടി 75 ലക്ഷത്തിനാണ് കൊൽക്കത്ത സ്റ്റാർക്കിനെ റാഞ്ചിയത്.
ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസുമായിരുന്നു ആദ്യം സ്റ്റാർകിനായി രംഗത്തുണ്ടായിരുന്നത്. 2 കോടിയിൽ നിന്ന് തുടങ്ങിയ ലേലം 10ന് മുകളിലേക്ക് പോയപ്പോൾ കെ കെ ആറും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടമായി മാറി. സ്റ്റാർക്കിനായുള്ള യുദ്ധം അവസാനം 20 കോടി കടന്നു. 24 കോടി 75 ലക്ഷത്തിൽ എത്തിയപ്പോൾ ഗുജറാത്ത് പിന്മാറി. ഇതോടെ താരം കൊൽക്കത്തയിലേക്ക് എത്തി. കമ്മിൻസിനെ സൺ റൈസേഴ്‌സ് വാങ്ങിയ 20 കോടി 50 ലക്ഷം എന്ന റെക്കോർഡ് ആണ് സ്റ്റാർക്കിന്റെ ബിഡ് തുകയോടെ തകർന്നത്. ഐ പി എല്ലിലെ എക്കാലത്തെയും വലിയ തുകയാണിത്.
സ്റ്റാർക് നീണ്ട ഇടവേളക്ക് ശേഷമാണ് ഐ പി എല്ലിൽ കളിക്കുന്നത്. മുമ്പ് 2014-15 സീസണിൽ താരം ആർ സി ബിയുടെ ഭാഗമായിരുന്നു. ഐ പി എല്ലിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റാർക് 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ചെന്നൈയും മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കമ്മിൻസിനെ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടമാണ് നടത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദ് കൂടി ഇതിൽ ചേർന്നതോടെയാണ് താരത്തെ റെക്കോർഡ് തുകക്ക് വിറ്റുപോയത്. വെസ്റ്റ് ഇൻഡീസ് ബാറ്റർ റോവ്മൻ പവലിനെ 7.40 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഒരുകോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില. ഏകദിന ലോകകപ്പിൽ ആസ്ത്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് ആണ് താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടി രൂപക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.ഇന്ത്യൻ താരങ്ങളിൽ നേട്ടം കൊയ്തത് പേസർ ഹർഷൽ പട്ടേൽ ആണ്. 11.75 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിന് നാല് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ന്യൂസിലൻഡിന്റെ ഇന്ത്യൻ വംശജനായ യുവ ഓൾ റൗണ്ടർ രചിൻ രവീന്ദ്രയും ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. 1.8 കോടി രൂപയാണ് രചിന് ലഭിച്ചത്.
Adjust Story Font
16