Quantcast

കൊൽക്കത്തക്ക് പണി കൊടുത്ത് ബെംഗളൂരു; വെങ്കടേഷ് അയ്യർക്കായി ചെലവഴിച്ചത് വമ്പൻതുക

ജോസ് ബട്‌ലറിനാണ് വിദേശ താരങ്ങളിൽ ഏറ്റവും ഉയർന്ന തുല ലഭിച്ചത്

MediaOne Logo

Sports Desk

  • Updated:

    2024-11-24 14:47:10.0

Published:

24 Nov 2024 2:46 PM GMT

Kolkata gave work to Bengaluru; A huge amount was spent on Venkatesh Iyer
X

റിയാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അനായാസം ടീമിലെത്തിക്കാമെന്ന് കരുതിയ വെങ്കടേഷ് അയ്യരുടെ വില ഉയർന്നത് കുത്തനെ. സമീപകാലത്തൊന്നും ദേശീയ ടീമിൽ കളിക്കാത്ത താരത്തിനായി കെ.കെ.ആർ ചെലവഴിച്ചത് 23.75 കോടി. അവസാന നിമിഷം വരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കൈ ഉയർത്തിയതോടെയാണ് 20 കോടിയും കടന്ന് വില ഉയർന്നത്. ദീർഘകാലമായി കെ.കെ.ആറിൽ തുടരുന്ന വെങ്കടേഷ് നിർണായക ഘട്ടങ്ങളിൽ ടീമിന് വിജയമൊരുക്കിയിരുന്നു. എന്നാൽ താരത്തെ നേരത്തെ നിലനിർത്തിയിരുന്നെങ്കിൽ ഇത്രയധികം ചെലവഴിക്കേണ്ടിവരില്ലെന്ന മറുചോദ്യവും ഉയർന്നിട്ടുണ്ട്. ക്വിന്റൺ ഡി കോക്ക്, റഹ്‌മത്തുള്ള ഗുർബാസ് എന്നിവരെയും നിലനിലെ ചാമ്പ്യൻമാരായ കെ.കെ.ആർ ടീമിലെത്തിച്ചു.

നേരത്തെ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുകക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ എത്തിയിരുന്നു. 27 കോടിക്കാണ് ഫ്രാഞ്ചൈസി താരത്തെ കൂടാരത്തിലെത്തിച്ചത്. ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച് റെക്കോർഡ് തിരുത്തി മിനിറ്റുകൾക്കകമാണ് പന്തിനെ ഉയർന്ന തുകക്ക് എൽ.എസ്.ജി കൂടാരത്തിലെത്തിച്ചത്. റൈറ്റുമാച്ച് കാർഡിലൂടെ പന്തിനെ തിരികെയെത്തിക്കാൻ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസ് ശ്രമം നടത്തിയെങ്കിലും കുത്തനെ തുക ഉയർത്തി ലഖ്‌നൗ മറുപടി നൽകുകയായിരുന്നു. കെ എൽ രാഹുൽ പോകുന്നതോടെ പകരം നായകനായാണ് ലഖ്‌നൗ ഋഷഭ് പന്തിനെ പരിഗണിച്ചത്.

താരലേലത്തിലെ പ്രധാനമായ മറ്റൊരു നീക്കം കെ.എൽ രാഹുലിന്റെ കാര്യത്തിലായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഡൽഹിയാണ് 14 കോടിക്ക് ഇന്ത്യൻ താരത്തെ റാഞ്ചിയത്. ലേലതുക 10 കോടിയായി ഉയർന്നപ്പോഴും ആർസിബി പ്രതീക്ഷ കൈവിട്ടില്ല. അപ്പോഴേക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 10.75 കോടിയുമായി മുന്നോട്ടുവന്നു. ഇതോടെ ആർസിബി പിടിവിട്ടു. പിന്നീട് കൊൽക്കത്തയും ഡൽഹിയും തമ്മിലായി മത്സരം. ഡൽഹി 12 കോടിയായി ഉയർത്തിയപ്പോൾ കൊൽക്കത്തയും പിൻവാങ്ങി. ഇതിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് 12.25 കോടി വിളിച്ചു. ഇത് 14 കോടി വരെ നീണ്ടു. ഇതോടെ ചെന്നൈ പിൻവാങ്ങി. ലഖ്നൗ ആർടിഎം ഓപ്ഷൻ ഉപയോഗിച്ചതുമില്ല.

മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 12.25 കോടിക്കാണ് സിറാജ് ഗുജറാത്തിലെത്തിയത്. കഴിഞ്ഞ സീസണിൽ ആർസിബിക്ക് വേണ്ടി കളിച്ച താരമാണ് സിറാജ്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. നിരവധി ഫ്രാഞ്ചൈസികൾ താരത്തിനായി രംഗത്തെത്തിയെങ്കിലും 12.25 കോടിക്ക് ഗുജറാത്ത് താരത്തെ ഉറപ്പിച്ചു. താരത്തിനെ നിലനിർത്താനുള്ള ആർടിഎം കൈവശമുണ്ടായിരുന്നെങ്കിലും ആർസിബി അതുപയോഗിച്ചില്ല. ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ 8.75 കോടിക്കും ഫിൽ സാൾട്ടിനെ 11.50 കോടിക്കും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ വിസ്‌ഫോടനം തീർത്ത ഫ്രേസർ മക്ഗർകിനെ ആർടിഎം കാർഡ് ഉപയോഗിച്ച് 9 കോടിക്ക് ഡൽഹി നിലനിർത്തി

Next Story