മഴയോട് മഴ, ഒരൊറ്റ പന്ത് പോലും എറിഞ്ഞില്ല; ഇന്നറിയാം എന്താകുമെന്ന്...
ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനം ഫൈനലിന് ഭീഷണിയാണ്
മഴയില്‍ കുതിര്‍ന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം
അഹമ്മദാബാദ്: കനത്തമഴയെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എൽ ഫൈനൽ റിസർവ് ദിവസമായ ഇന്ന് നടക്കും. രാത്രി 7.30ന് അഹമ്മദാബാദിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് - ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ഇന്നും അഹമ്മദാബാദിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ പ്രവചനം ഫൈനലിന് ഭീഷണിയാണ്.
നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഫൈനലിന് വേണ്ടി എല്ലാ ഒരുക്കുങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ടോസിന് മുമ്പെ ആരംഭിച്ച കനത്ത മഴ ഫൈനലിന് തിരിച്ചടിയായി. രാത്രി പതിനൊന്ന് പിന്നിട്ടിട്ടും മഴ മാറാത്ത സാഹചര്യത്തിലാണ് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയത്. കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല.
ഒരു ഘട്ടത്തിൽ മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തമായ മഴ വീണ്ടും എത്തിയതോടെ മത്സരം തുടങ്ങാനായില്ല. ഓവറുകള്‍ വെട്ടിച്ചുരുക്കി മത്സരം നടത്തുന്നതും പരിഗണച്ചിരുന്നു, മഴ തുടര്‍ന്നതോടെ ആ സാധ്യതയും അവസാനിച്ചു. ഇതോടെ മത്സരം കാണാനെത്തിയവർ സ്റ്റേഡിയം വിട്ടു.
ഇന്നും മഴ തുടർന്നാൽ ഐ.പി.എൽ കീരീടം ആർക്കാണെന്ന ചൂടേറിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. പോയിന്റ് ടേബിളിൽ ഒന്നാമതായി പ്ലേ ഓഫിൽ കടന്ന ഗുജറാത്തിന് ഈ കാരണം മുൻനിർത്തി ട്രോഫി നൽകുമെന്നാണ് ഒരുപക്ഷം പറയുന്നത്. ട്രോഫി പങ്കിടുമെന്ന് മറ്റൊരു പക്ഷവും. എന്നാൽ ഈ കാര്യത്തിൽ ഐ.പി.എൽ അധികൃതർ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. അഹമ്മദാബാദിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എന്തെങ്കിലുമൊരു തീരുമാനം ഉണ്ടാകും. മഴ മാറി '40 ഓവര്‍' മത്സരം തന്നെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
Adjust Story Font
16