കിങ് കോഹ്ലി വിളി അവസാനിപ്പിക്കൂ; ആരാധകരോട് അഭ്യർത്ഥനയുമായി വിരാട് കോഹ്‌ലി- വീഡിയോ
വനിതാ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ സ്മൃതി മന്ദാനക്കും മറ്റു ടീം അംഗങ്ങൾക്കും സ്വീകരണവും നൽകിയിരുന്നു.
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു രാജാവാണ് വിരാട് കോഹ്‌ലി. മൂന്ന് ഫോർമാറ്റിലും ദീർഘകാലമായി പുലർത്തുന്ന കളി മികവും റെക്കോർഡുകൾ തകർത്തുകൊണ്ടുള്ള ജൈത്രയാത്രയുമാണ് ആരാധകർക്കിടയിൽ ഇത്തരമൊരു പേരിലേക്ക് താരത്തെയെത്തിച്ചത്. എന്നാൽ ഐപിഎലിന് തൊട്ടുമുൻപ് താരം ആരാധകർക്ക് മുന്നിലൊരു അഭ്യർത്ഥനയുമായെത്തിയിരിക്കുകയാണ്. കിങ് കോഹ്ലി വിളി അവസാനിപ്പിക്കണമെന്നാണ് 35കാരൻ സ്‌നേഹപൂർവ്വം ആവശ്യപ്പെട്ടത്.
ഇന്നലെ ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി അൺബോക്‌സ് ചടങ്ങിലാണ് അവതാരകനായ ഡാനിഷ് സേഠ് കിങ് കോഹ്‌ലിയെന്ന വിശേഷണം നടത്തിയത്. പിന്നീട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സംസാരിക്കാനായി മൈക്ക് കൈയിലെടുത്തപ്പോൾ ആരാധകർ കിങ് കോഹ്ലിയെന്ന് ആരവം മുഴക്കുകയും ചെയ്തു. 'ചെന്നൈയുമായുള്ള മത്സരത്തിനായി ഞങ്ങൾക്ക് പോകേണ്ടതുണ്ട്. അതിനുള്ള ചാർട്ടേഡ് വിമാനത്തിൻറെ സമയമായതിനാൽ അധികം സമയമില്ല, ഡാനിഷ് സേഠിനോടും നിങ്ങളോടും എനിക്കൊരു അഭ്യർത്ഥനയുണ്ട്. ദയവു ചെയ്ത് എന്നെ ഇനി ആ പേര് വിളിക്കരുത്. ഓരോ തവണ കേൾക്കുമ്പോഴും വലിയ നാണക്കേട് തോന്നുന്നു. അതുകൊണ്ട് എന്നെ വിരാട് എന്നു മാത്രം വിളിക്കുക എന്നായിരുന്നു ചിരിച്ചുകൊണ്ട് കോഹ്‌ലിയുടെ അഭ്യർത്ഥന. ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും ആർസിബി വനിതാ ടീം ക്യാപ്റ്റൻ സ്മൃതി മന്ദാനയെയും സാക്ഷി നിർത്തിയായിരുന്നു പ്രതികരണം.
പ്രൗഢ ചടങ്ങിൽ ആർസിബി തങ്ങളുടെ പേരുമാറ്റവും പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂരിന് പകരം ബെംഗളൂരു എന്നായിരിക്കും ടീം അറിയപ്പെടുക. ഇതോടൊപ്പം പുതിയ ജഴ്‌സിയും ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു. വനിതാ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ സ്മൃതി മന്ദാനക്കും മറ്റു ടീം അംഗങ്ങൾക്കും സ്വീകരണവും നൽകിയിരുന്നു. കോഹ്‌ലിയടക്കമുള്ള താരങ്ങൾ ഗാർഡ്ഓഫ് ഓണർ നൽകിയാണ് വനിതാ ടീമിനെ വരവേറ്റത്. വെള്ളിയാഴ്ച ചെപ്പോക്കിൽ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെയാണ് ആർസിബി നേരിടുന്നത്.
Adjust Story Font
16