ഐപിഎല്‍ വീണ്ടുമാരംഭിക്കുമ്പോള്‍ ആദ്യ പോരാട്ടം ചെന്നൈയും മുംബൈയും തമ്മില്‍; വേദികള്‍ ഏതൊക്കെയെന്നറിയാം
സെപ്റ്റംബർ മുതല്‍ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക.
കോവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎൽ പുനരാരംഭിക്കുമ്പോൾ ആദ്യപോരാട്ടം ഐപിഎല്ലിലെ എൽ ക്ലാസിക്കോയായി ആരാധകർ കണക്കാക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ. ഐപിഎല്ലിലെ ചിരവൈരികളാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈയും രോഹിത്ത് നയിക്കുന്ന മുംബൈയും.
സെപ്റ്റംബർ മുതല്‍ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും.
എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഇന്ത്യയിൽ വച്ച് നടന്ന ഐപിഎൽ 14-ാം സീസണിൽ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചത്. മത്സരങ്ങൾ പാതിവഴിയിൽ നിർത്തിവെക്കേണ്ടതിനെ തുടർന്ന് 2,000 കോടി രൂപയാണ് ബ്രോഡ്കാസ്റ്റിങ്, സ്‌പോൺസർഷിപ്പ് ഇനത്തിൽ ബിസിസിഐക്ക് നഷ്ടമായത്. ഐപിഎല്ലിൽ പങ്കെടുക്കുന്ന എല്ലാ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും കൃത്യമായി ബയോ ബബിൾ പിന്തുടരണമെന്ന് ബിസിസിഐ നിർദേശിച്ചു.
Adjust Story Font
16