ചെപ്പോക്കിൽ സിങ് ഈസ് കിങ്; ചെന്നൈയെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ്
ജോണി ബെയര്‍സ്റ്റോ(30 പന്തിൽ 46) ടോപ് സ്‌കോററായി. റൂസോ(23 പന്തിൽ 43), സാം കറൺ(20 പന്തിൽ 26), ശശാങ്ക് സിങ് (26 പന്തിൽ 25) എന്നിവരും മികച്ച പിന്തുണ നൽകി.
ചെന്നൈ: ലോ സ്‌കോറിംങ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടമായി സ്വന്തം തട്ടകമായ ചെപ്പോക്കിൽ ബാറ്റിങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ പഞ്ചാബ് മറികടന്നു. ജോണി ബെയര്‍സ്റ്റോ(30 പന്തിൽ 46) ടോപ് സ്‌കോററായി. റിലി റൂസോ(23 പന്തിൽ 43), സാം കറൺ(20 പന്തിൽ 26), ശശാങ്ക് സിങ് (26 പന്തിൽ 25) എന്നിവരും മികച്ച പിന്തുണ നൽകി.
ചെന്നൈയുടെ വിജയലക്ഷ്യം തേടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന് മോശം തുടക്കമായിരുന്നു. സ്‌കോർ 19ൽ നിൽക്കെ മികച്ചഫോമിലുള്ള പ്രഭ്‌സിമ്രാൻ സിങിനെ നഷ്ടമായി. 13 റൺസെടുത്ത താരത്തെ റിച്ചാർഡ് ഗ്ലീസൻ ഋതുരാജ് ഗെയിക് വാദിന്റെ കൈകളിലെത്തിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ബെയര്‍സ്റ്റോ-റൂസോ കൂട്ടുകെട്ട് സന്ദർശകർക്ക് കരുത്തായി. കഴിഞ്ഞ മത്സരത്തിലെ മിന്നും പ്രകടനം ചെപ്പോക്കിലും ആവർത്തിച്ച ഇംഗ്ലീഷ് താരം പേരുകേട്ട ചെന്നൈ സ്പിൻ നിരയെ ആക്രമിച്ച് കളിച്ച് സ്‌കോറിംഗ് ഉയർത്തി. 88 റൺസിൽ നിൽക്കെ റൂസോയെ ഷർദുൽ താക്കൂർ മടക്കി. അധികം വൈകാതെ 46 റൺസെടുത്ത ബെയർസ്‌റ്റോയും മടങ്ങിയെങ്കിലും നാലാംവിക്കറ്റിൽ ഒത്തുചേർന്ന ശശാങ്ക് സിങ്-സാം കറൺ കൂട്ടുകെട്ട് വിജയതീരത്തെത്തിച്ചു. പഞ്ചാബിനെതിരെ ബൗളിങിന് പുറമെ ഫീൽഡിങിലും ചെന്നൈ നിരാശപ്പെടുത്തി.
നേരത്തെ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 162 സ്‌കോറിലേക്കെത്തിയത്. അർധസെഞ്ച്വറിയുമായി ഋതുരാജ് ഗെയിക്വാദ് ടോപ് സകോററായി. 48 പന്തിൽ 62 റൺസാണ് ചെന്നൈ നായകൻ നേടിയത്. അവസാന ഓവറിൽ ക്രീസിലേക്കെത്തിയ എംഎസ് ധോണി 11 പന്തിൽ 14 റൺസ് നേടി ഫിനിഷറുടെ റോൾ ഭംഗിയാക്കി. പഞ്ചാബിനായി സ്പിൻബൗളർമാരയ രാഹുൽ ചഹാറും ഹർപ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീഴ്ത്തി.
ബൗളിങിനെ തുണക്കുന്ന ചെപ്പോക്കിലെ പിച്ചിൽ കരുതലോടെയാണ് ആതിഥേയർ തുടങ്ങിയത്. അജിൻക്യ രഹാനെ-ഗെയിക്വാദ് ഓപ്പണിങ് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 50 പന്തിൽ 64 റൺസാണ് കൂട്ടിചേർത്തത്. 24 പന്തിൽ 29 റൺസെടുത്ത രഹാനെയെ റൂസോയുടെ കൈകളിലെത്തിച്ച് ഹർപ്രീത് ബ്രാർ ബ്രേക്ക് ത്രൂ നൽകി. വൺഡൗണായി എത്തിയ ശിവംദുബെ പൂജ്യത്തിന് മടങ്ങി. ബ്രാർ താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി. നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ(2)യെ രാഹുൽ ചഹാർ വിക്കറ്റിന് മുന്നിൽ കുടുക്ക.ി അഞ്ചാം വിക്കറ്റിൽ സമീർ റിസ്വി-ഗെയിക്വാദ് പാർട്ണർഷിപ്പ് പ്രതീക്ഷയേകി. എന്നാൽ 21 റൺസെടുത്ത യുവതാരത്തെ കഗീസോ റബാഡെ പുറത്താക്കി. അവസാന ഓവറിൽ മൊയീൻ അലിയും(9 പന്തിൽ 15), എംഎസ് ധോണിയും (14) ചേർന്ന സ്‌കോർ 160 കടത്തുകയായിരുന്നു.
Adjust Story Font
16