Quantcast

ക്ലൈമാക്‌സിൽ ആർസിബി കംബാക്; ചെന്നൈയെ 27 റൺസിന് തകർത്ത് പ്ലേഓഫിൽ

അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് വേണ്ടത് 17 റൺസായിരുന്നു.

MediaOne Logo

Sports Desk

  • Updated:

    2024-05-18 19:08:39.0

Published:

18 May 2024 1:51 PM GMT

ക്ലൈമാക്‌സിൽ ആർസിബി കംബാക്; ചെന്നൈയെ 27 റൺസിന് തകർത്ത് പ്ലേഓഫിൽ
X

ബെംഗളൂരു: ബെംഗളൂരുവിനെ തോൽപിക്കാനായില്ല. മഴക്കും ചെന്നൈക്കും. അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് പ്ലേഓഫ് പ്രവേശനം അവിസ്മരണീയമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയൽ വിജയലക്ഷ്യമായ 219 റൺസ് പിന്തുടർന്ന് ഇറങ്ങിയ ധോണിക്കും സംഘത്തിനും 191 റൺസെടുക്കാനേ ആയുള്ളൂ. തോൽവി വഴങ്ങിയാലും പ്ലേഓഫ് ഉറപ്പിക്കാനുള്ള 201 റൺസിലേക്കെത്താനുമായില്ല. ഇതോടെ റൺറേറ്റ് വ്യത്യാസത്തിൽ ചെന്നൈയെ മറികടന്ന് ആർസിബി പ്ലേഓഫിലേക്കെത്തി. നിലവിലെ ചാമ്പ്യൻമാർക്ക് നിരാശയോടെ മടക്കം.

അവസാന ഓവറിൽ പ്ലേഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് വേണ്ടത് 17 റൺസായിരുന്നു. ക്രീസിൽ നിരവധി തവണ ടീമിന്റെ രക്ഷകരായ എം.എസ് ധോണിയും രവീന്ദ്ര ജഡേജയും. യാഷ് ദയാൽ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സർ പറത്തി ധോണി പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം പന്തിൽ സ്ലോബൗൾ പരീക്ഷിക്കാനുള്ള ബെംഗളൂരു പേസറുടെ തീരുമാനം ശരിയായി. ഉയർത്തിയടിച്ച ധോണി ബൗണ്ടറി ലൈനിൽ സ്വപ്‌നിൽ സിങിന്റെ കൈകളിൽ അവസാനിച്ചു. തുടർന്ന് ക്രീസിലെത്തിയ ഷർദുൽ ഠാക്കൂർ ആദ്യ പന്തിൽ റൺസ് നേടാനായി. നാലാംപന്തിൽ ജഡേജക്ക് സിംഗിൾ നൽകിയതോടെ അവസാന രണ്ട് പന്തിൽ വേണ്ടത് പത്ത് റൺസ്. നിർണായകമായ അഞ്ചാംപന്തിൽ റൺസ് നേടാൻ ജഡേജക്കായില്ല. ബെംഗളൂരു പ്ലേഓഫിൽ.

ബെംഗളൂരു ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ തുടക്കം മികച്ചതായില്ല. ആദ്യ ഓവർ എറിഞ്ഞ ഗ്ലെൻ മാക്‌സ്വെല്ലിന്റെ ആദ്യപന്തിൽ തന്നെ ഋതുരാജ് ഗെയിക്‌വാദ്(0) പുറത്ത്. തൊട്ടുപിന്നാലെ ഡാരൻ മിച്ചലും(4) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റ് ഒത്തുചേർന്ന അജിൻക്യ രഹാനെ-രചിൻ രവീന്ദ്ര കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ 33 റൺസിൽ രഹാനെ മടങ്ങി. രചിൻ രവീന്ദ്രയുടെ റണ്ണൗട്ട്(37 പന്തിൽ 61) മത്സരത്തിൽ നിർണായകമായി. ശിവം ദുബെയും(7)വലിയ സ്‌കോർ നേടാതെ പുറത്തായി. എന്നാൽ അവസാന ഓവറിൽ തകർത്തടിച്ച രവീന്ദ്ര ജഡേജ (22 പന്തിൽ 42) റൺസുമായി പുറത്താകാതെ നിന്നു. എം.എസ് ധോണി 13 പന്തിൽ 25 റൺസാണ് നേടിയത്. ബെംഗളൂരുവിനായി യാഷ് ദയാൽ രണ്ട വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഫാഫ് ഡുപ്ലെസിസിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 218 റൺസിലേക്ക് ആർസിബിയെത്തിയത്. വിരാട് കോഹ്ലി 29 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന ഓവറിൽ തകർത്തടിച്ച് രജത് പടിദാറും കാമറൂൺ ഗ്രീനും ചേർന്ന് സ്‌കോർ 200 കടത്തി.

TAGS :

Next Story