മുംബൈയെ 18 റൺസിന് തകർത്ത് കൊൽക്കത്ത; പ്ലേഓഫിലെത്തുന്ന ആദ്യ ടിം
ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന മുംബൈക്ക് മൂന്ന് റൺസ് മാത്രമാണ് നേടാനായത്.
കൊൽക്കത്ത: അവസാന ഓവറിൽ കൊൽക്കത്തക്കെതിരെ മുംബൈക്ക് വേണ്ടിയിരുന്നത് 22 റൺസ്. ഹർഷിത് റാണ എറിഞ്ഞ ഓവറിലെ മുംബൈ ബാറ്റ്‌സമാൻമാർക്ക് നേടാനായത് മൂന്ന് റൺസ് മാത്രം. നമാൻധിർ, തിലക് വർമ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി യുവതാരം സ്വന്തംതട്ടകമായ ഈഡൻഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സമ്മാനിച്ചത് 18 റൺസ് ജയം. ഒപ്പം പ്ലേഓഫിലെത്തുന്ന ആദ്യ ടീമാകും കെകെആറിനായി.
മഴമൂലം 16 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 158 റൺസ് തേടിയിറങ്ങിയ മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ ആയുള്ളൂ. ഓപ്പണിങിൽ ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതോടെ മുംബൈ മറ്റൊരു തോൽവികൂടി വഴങ്ങി. 22 പന്തിൽ 40 റൺസെടുത്ത ഇഷാൻ കിഷൻ ടോപ് സ്‌കോററായി. രോഹിത് ശർമ(19), സൂര്യകുമാർ യാദവ്(11),ഹാർദിക് പാണ്ഡ്യ(2), ടിം ഡേവിഡ്(0)നേഹൽ മധേര(3) എന്നിവരും വേഗത്തിൽ മടങ്ങി. അവസാന ഓവറുകളിൽ തിലക് വർമയും നമാൻധിറും ചേർന്ന് ആക്രമിച്ച് കളിച്ചെങ്കിലും ഇരുവരേയും പുറത്താക്കി ഹർഷിത് റാണ മത്സരം കൊൽക്കത്തക്ക് അനുകൂലമാക്കി. റാണക്കൊപ്പം വരുൺ ചക്രവർത്തി, ആന്ദ്രെ റസൽ എന്നിവരും രണ്ട് വിക്കറ്റുമായി തിളങ്ങി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കൊൽക്കത്ത 16 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസ് സ്‌കോർ ചെയ്തത്.
വെങ്കിടേഷ് അയ്യർ 21 പന്തിൽ 42 റൺസുമായി ടോപ് സ്‌കോററായി. പരിക്ക്മാറി ടീമിലേക്ക് മടങ്ങിയെത്തിയ നിതീഷ് റാണ (23 പന്തിൽ 33) റൺസുമായി മികച്ചപ്രകടനം നടത്തി. ആന്ദ്രെ റസൽ (14 പന്തിൽ 24), റിങ്കു സിങ്(12 പന്തിൽ 20), രമൺദീപ് സിങ്(എട്ട് പന്തിൽ 17) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്‌കോർ 150 കടന്നു. സ്വന്തം തട്ടകത്തിൽ കൊൽക്കത്തയുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 10 റൺസ് ചേർക്കുന്നതിനിടെ മികച്ച ഫോമിലുള്ള ഫിൽസാൾട്ടും(6) സുനിൽ നരേനും(0) മടങ്ങി. അത്യുഗ്രൻ യോർക്കറിലൂടെയാണ് ബുംറ നരെയ്‌നെ മടക്കിയത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വന്ന പന്തിനെ ലീവ് ചെയ്ത വിൻഡീസ് താരത്തിന് പിഴച്ചു. ലൈൻ മനസിലാക്കുന്നതിൽ നേരിട്ട വലിയ പിഴവ് കാരണം ഓഫ്സ്റ്റമ്പുമായാണ് പന്ത് പറന്നത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ(7) വലിയ സ്‌കോർ നേടാതെ മടങ്ങിയതോടെ പവർപ്ലെയിൽ കെകെആർ തിരിച്ചടി നേരിട്ടു. എന്നാൽ വെങ്കിടേഷ് അയ്യർ-നിതീഷ് റാണ കൂട്ടുകെട്ട് സ്‌കോറിംഗ് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. മുംബൈക്കായി ജസ്പ്രീത് ബുംറയും പീയുഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16