ബെംഗളൂരുവിന് ഗ്രീൻ സിഗ്നൽ; ഹൈദരാബാദിനെ 35 റൺസിന് തകർത്തു, മധുര പ്രതികാരം
ചിന്നസ്വാമിയിൽ തകർത്തടിച്ച ട്രാവിസ് ഹെഡിനെ വീഴ്ത്തി തുടങ്ങിയ സന്ദർശക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഹൈദരാബാദ്: ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി നാണം കെടുത്തിയ ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മധുര പ്രതികാരം. ബെംഗളൂരു വിജയലക്ഷ്യമായ 207 റൺസ് തേടിയിറങ്ങിയ ആതിഥേയരുടെ പോരാട്ടം 171ൽ അവസാനിച്ചു. ബെംഗളൂരുവിന് 35 റൺസ് ജയം. വിജയിച്ചെങ്കിലും ബെംഗളൂരു 4 പോയന്റുമായി അവസാന സ്ഥാനത്ത് നിൽക്കുന്നു. ഹൈദരാബാദ് മൂന്നാംസ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഹൈദരാബാദിന്റെ ആദ്യ തോൽവിയാണിത്.
ചിന്നസ്വാമിയിൽ തകർത്തടിച്ച ട്രാവിസ് ഹെഡിനെ വീഴ്ത്തി തുടങ്ങിയ സന്ദർശക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആദ്യ ഓവർ സ്പിന്നർ വിൽ ജാക്‌സിനു നൽകാനുള്ള ക്യാപ്റ്റൻ ഡുപ്ലെസിസിന്റെ തീരുമാനം ശരിയാകുകയായിരുന്നു. ആദ്യഓവറിലെ ആറാം പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച ഓസീസ് താരം(1) കരൺ ശർമയുടെ കൈയിൽ അവസാനിച്ചു. ഹെഡ് വീണെങ്കിലും പവർപ്ലെയിൽ തകർത്തടിക്കാനായിരുന്നു ഹൈദരാബാദിന്റെ തീരുമാനം. ഒരുവശത്ത് അഭിഷേക് ശർമ സിക്‌സറും ഫോറുമായി സ്‌കോറിംഗ് ഉയർത്തി. എന്നാൽ യാഷ് ദയാൽ എറിഞ്ഞ നാലാം ഓവറിൽ ആഞ്ഞടിച്ച അഭിഷേകിന് പിഴച്ചു. കീപ്പർ ദിനേശ് കാർത്തികിന് പിടിനൽകി പുറത്ത്. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ(1) വിക്കറ്റിന് മുന്നിൽ കുരുക്കി സ്വപ്‌നിൽ സിങ് വീണ്ടും പ്രഹരമേൽപ്പിച്ചു. വെടിക്കെട്ട് താരം ഹെൻറിക് ക്ലാസനും(7) കൂടി കളംവിട്ടതോടെ പവർപ്ലെയിൽ നാല് വിക്കറ്റ് വീണ് ആതിഥേയർ തോൽവി അഭിമുഖീകരിച്ചു. നിതീഷ് കുമാർ റെഡ്ഡി(13), അബ്ദുൽ സമദ്(10) എന്നീ താരങ്ങളും വേഗത്തിൽ മടങ്ങിയതോടെ കഴിഞ്ഞ മത്സരങ്ങളിലെ നിഴൽമാത്രമായി.
മധ്യഓവറുകളിൽ ക്യാപ്റ്റൻ പാറ്റ് കമ്മൻസ് തകർത്തടിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. 15 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം 31 റൺസെടുത്ത താരത്തെ കാമറൂൺ ഗ്രീൻ പുറത്താക്കിയതോടെ പിന്നീടെല്ലാം ചടങ്ങായിമാറി. തുടരെ വിക്കറ്റുകൾ വീഴുമ്പോഴും അവസാനംവരെ ചെറുത്തുനിന്ന ഷഹബാസ് അഹമ്മദാണ്(40) ടോപ് സ്‌കോറർ. ബെംഗളൂരു നിരയിൽ ഓസീസ് താരം കാമറൂൺ ഗ്രീൻ, കരൺ ശർമ, സ്വപ്‌നിൽ സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു വിരാട് കോഹ്ലിയുടേയും രജത് പടിദാറിന്റേയും അർധസെഞ്ച്വറി കരുത്തിലാണ് 206 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 20 പന്തിൽ അഞ്ച് സിക്സറും രണ്ട് ഫോറും സഹിതം 50 റൺസാണ് പടിദാർ നേടിയത്. കോഹ്ലി 43 പന്തിൽ 51 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ പടിദാറും കോഹ്ലിയും ചേർന്ന് കൂട്ടിചേർത്ത 65 റൺസ് ടീമിന് കരുത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച് കാമറൂൺ ഗ്രീൻ 20 പന്തിൽ 37 റൺസുമായി പുറത്താകാതെനിന്നു. ഹൈദരാബാദ് നിരയിൽ ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റും നടരാജൻ രണ്ട് വിക്കറ്റുമായി തിളങ്ങി.
Adjust Story Font
16