ധരംശാലയിൽ അറ്റാ'കിങ്' കോഹ്‌ലി; പഞ്ചാബിനെതിരെ ബെംഗളൂരുവിന് 60 റൺസ് കൂറ്റൻ ജയം
ജയത്തോടെ ബെംഗളൂരു പ്ലേഓഫ് സാധ്യത നിലനിർത്തിയപ്പോൾ പഞ്ചാബ് പുറത്തായി.
ധരംശാല: സ്‌ട്രൈക്ക്‌റേറ്റ് വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി വിരാട് കോഹ്‌ലി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റൺസിന്റെ തകർപ്പൻ ജയം. വിരാട് കോഹ്‌ലിയുടെ (47 പന്തിൽ 92) കരുത്തിൽ ആർസിബി ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 181 ൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കൻ താരം റിലി റൂസോ 27 പന്തിൽ 61 റൺസുമായി പഞ്ചാബ് നിരയിൽ തിളങ്ങി. സ്‌കോർ ബെംഗളൂരു 20 ഓവറിൽ 241-7,പഞ്ചാബ്: 17 ഓവറിൽ 181.
സ്വന്തം തട്ടകമായ ഹിമാചലിലെ ധരംശാലയിൽ റൺമല പിന്തുടർന്നിറങ്ങിയ പഞ്ചാബിന് തുടക്കം മികച്ചതായില്ല. സ്‌കോർ ആറിൽ നിൽക്കെ പ്രഭ്‌സിമ്രാൻ സിങിനെ(6) നഷ്ടമായി. സ്പിന്നർ സ്വപ്‌നിൽ സിങ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ റിലി റൂസോ ബൗണ്ടറിയോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. റൂസോ-ജോണി ബെയിസ്‌റ്റോ കൂട്ടുകെട്ട് പവർപ്ലെയിൽ പഞ്ചാബിനെ 75ൽ എത്തിച്ചു. പവർപ്ലെയുടെ അവസാന ഓവറിൽ ബെയിസ്‌റ്റോയെ പുറത്താക്കി ബെംഗളൂരു മത്സരത്തിലേക്ക് മടങ്ങിയെത്തി. 16 പന്തിൽ 27 റൺസെടുത്ത ഇംഗ്ലീഷ് താരത്തെ ലോക്കി ഫെർഗൂസൻ ഫാഫ് ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ചു. സ്‌കോർ 107ൽ നിൽക്കെ റൂസോയുടെ വിക്കറ്റ് വീണത് മത്സരത്തിൽ വഴിത്തിരിവായി. കരൺ ശർമയുടെ ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച റൂസോയെ വിൽ ജാക്‌സ് കൈപിടിയിലൊതുക്കി. മൂന്ന് സിക്‌സറും ഒൻപത് ഫോറും സഹിതമാണ് റൂസോ 61 റൺസ് നേടിയത്. ഇംപാക്ട് പ്ലെയറായെത്തിയ ജിതേഷ് ശർമ(5), ലിയാം ലിവിങ്സ്റ്റൺ (0) എന്നിവരും വേഗത്തിൽ പുറത്തായതോടെ പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നാൽ ആറാം വിക്കറ്റിൽ ശശാങ്ക് സിങ്- സാം കറൺ കൂട്ടുകെട്ട് വീണ്ടും പ്രതീക്ഷ നൽകി. ഉജ്ജ്വല റണ്ണൗട്ടിലൂടെ ശശാങ്കിനെ(37) പുറത്താക്കി വിരാട് കോഹ്‌ലി ഫീൽഡിങിലും തിളങ്ങി. സാം കറൺ(22),അഷുതോശ് ശർമ(8) എന്നിവരും വീണതോടെ ചേസിങിൽ അത്ഭുതം തീർത്ത പഞ്ചാബ് ആർസിബിക്ക് മുന്നിൽ കാലിടറി വീണു. ജയത്തോടെ ബെംഗളൂരു പ്ലേഓഫ് സാധ്യത നിലനിർത്തിയപ്പോൾ പഞ്ചാബ് പുറത്തായി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 241 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. വിരാട് കോഹ്ലി (47 പന്തിൽ 97) റൺസുമായി ടോപ് സ്‌കോററായി. രജത് പടിദാറും (23 പന്തിൽ 55), ഓസീസ് താരം കാമറൂൺ ഗ്രീൻ( 27 പന്തിൽ 46) എന്നിവരും മികച്ച പിന്തുണ നൽകി. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് നേടി. ടോസ് നഷ്ടമായി പഞ്ചാബ് തട്ടകമായ ധരംശാല സ്റ്റേഡിയത്തിൽ ബാറ്റിങിനിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നില്ല. മൂന്നാം ഓവറിൽ സ്‌കോർബോർഡിൽ 19 റൺസ് തെളിയുമ്പോൾ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ(9) നഷ്ടമായി. വിദ്വത് കവേരപ്പയുടെ ഓവറിൽ ശശാങ്ക് സിങ് പിടിച്ചാണ് പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ ഫോമിലുള്ള വിൽ ജാക്സ് (12) തകർപ്പൻ സിക്സറുമായി തുടങ്ങിയെങ്കിലും വിദ്വത് കവേരപ്പയുടെ ഓവറിൽ ഹർഷൽ പടേലിന് ക്യാച്ച് നൽകി പുറത്തായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി-രജത് പടിദാർ കൂട്ടുകെട്ട് സന്ദർശകർക്ക് കരുത്തായി.
23 പന്തിൽ 55 റൺസെടുത്ത പടിദാറിനെ പഞ്ചാബ് നായകൻ സാംകറൺ പുറത്താക്കി. എന്നാൽ മത്സരം 10 ഓവർ പിന്നിട്ടതോടെ മഴ വില്ലനായെത്തി. അൽപസമയത്തിനകം മത്സരം പുനരാരംഭിച്ചപ്പോഴും പഞ്ചാബ് ബൗളർമാർക്ക് അവസരമൊന്നും നൽകാതെ കോഹ്ലി-കാമറൂൺ ഗ്രീൻ കൂട്ടുകെട്ട് സ്‌കോറിംഗ് ഉയർത്തി. ഒടുവിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ വലിയ ഷോട്ടിന് ശ്രമിച്ച കോഹ്ലിയെ (92) അർഷ്ദീപ് സിങ് പുറത്താക്കി. എന്നാൽ അവസാന ഓവറിൽ കാമറൂൺ ഗ്രീനും(26 പന്തിൽ 46) ദിനേശ് കാർത്തികും (ഏഴ് പന്തിൽ 18) ചേർന്ന് ബെംഗളൂരുവിനെ ഹിമാലയൻ ടോട്ടലിലെത്തിക്കുകയായിരുന്നു.
Adjust Story Font
16