അയർലാൻഡും ദക്ഷിണാഫ്രിക്കയെ തോൽപിച്ചു: തകർപ്പൻ ജയം
ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയെ തോൽപിച്ച് അയർലാൻഡ്. മലഹൈഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 43 റൺസിനായിരുന്നു അയർലാൻഡിന്റെ വിജയം
ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയെ തോൽപിച്ച് അയർലാൻഡ്. മലഹൈഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 43 റൺസിനായിരുന്നു അയർലാൻഡിന്റെ വിജയം. സെഞ്ച്വറി നേടിയ നായകൻ ആൻഡി ബാൽബിർനിയാണ് അയർലാൻഡിന് സ്വപ്‌ന വിജയമൊരുക്കിയത്. 117 പന്തുകളിൽ നിന്ന് 10 ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ബാൽബിർനിയുടെ(102) ഇന്നിങ്‌സ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക അയർലാൻഡിനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 എന്ന പൊരുതാവുന്ന സ്‌കോറാണ് അയർലാൻഡ് പടുത്തുയർത്തിയത്. ബാൽബിർനിക്ക് പുറമെ 79 റൺസ് നേടിയ ഹാരി ടെക്ടറും തിളങ്ങി. 68 പന്തിൽ നിന്ന് ആറ് ഫോറും നാല് സിക്‌സറും അടങ്ങുന്ന അതിവേഗ ഇന്നിങ്‌സായിരുന്നു ടെക്‌റുടേത്. അവസാന ഓവറുകളിൽ ഡോക്‌റെൽ ആഞ്ഞടിച്ചതാണ് അയർലാൻഡ് സ്‌കോർ 290 കടത്തിയത്.
23 പന്തിൽ നിന്നായിരുന്നു ഡോക്‌റെലിന്റെ ഇന്നിങ്‌സ്. ദക്ഷിണാഫ്രിക്കൻ നിരയിൽ കാഗിസോ റബാദ, പെഹ്ലുക്വയോ തുടങ്ങിയ മുൻ നിര ബൗളർമാലെല്ലാം റൺസ് വഴങ്ങി. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 247 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 48.3 ഓവറിൽ എല്ലാവരും കൂടാരം കയറി. 84 റൺസ് നേടിയ ജാനെമാൻ മലൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.
49 റൺസ് നേടിയ വാൻ ഡെർ ഡസൻ, ശ്രമിച്ച് നോക്കിയെങ്കിലും അയർലാൻഡ് ബൗളർമാരുടെ കൃത്യതയ്ക്ക് മുന്നിൽ വീണു. മാർക്ക് ആദിർ, ജോഷ്വ ലിറ്റിൽ, ആൻഡി മക്‌ബ്രെയ്ൻ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഫീൽഡിങിൽ ദക്ഷിണാഫ്രിക്ക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ അയർലാൻഡ് 1-0 ത്തിന് മുന്നിലാണ്. പരമ്പരയിലെ അവസാന ഏകദിനം ഇതേവേദിയിൽ വെള്ളിയാഴ്ച നടക്കും.
Adjust Story Font
16