Quantcast

ഇന്ത്യയുടെ അണ്ടർ 19 ഫൈനൽ തോൽവി; പാക് പരിഹാസത്തിനെതിരെ ഇർഫാൻ പത്താൻ

'കീബോർഡ് യോദ്ധാക്കൾ നമ്മുടെ തോൽവിയിൽ ആനന്ദിക്കുന്നു, ഈ മനോഭാവം രാജ്യത്തിന്റെ മാനസികാവസ്ഥ'

MediaOne Logo

Sports Desk

  • Updated:

    2024-02-13 13:13:56.0

Published:

13 Feb 2024 1:11 PM GMT

Indias U-19 Final Defeat; Irfan Pathan against Pakistan mockery
X

അണ്ടർ 19 ഫൈനലിൽ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യൻ ടീം പരാജയപ്പെട്ടതിൽ പരിഹസിച്ച പാകിസ്താൻ ആരാധകർക്കെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഫെബ്രുവരി 11ന് നടന്ന ഫൈനലിൽ 79 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട കങ്കാരുക്കൾക്ക് മുന്നിൽ തകർന്നത്. ഇതോടെ തുടങ്ങിയ സമൂഹ മാധ്യമ പരിഹാസം അതിരുവിട്ടപ്പോൾ എക്‌സിലൂടെ പ്രതികരിക്കുകയായിരുന്നു ഇർഫാൻ. 'അവരുടെ അണ്ടർ 19 ടീം ഫൈനലിൽ എത്തിയില്ലെങ്കിലും, അതിർത്തിക്കപ്പുറത്തുള്ള കീബോർഡ് യോദ്ധാക്കൾ നമ്മുടെ യുവാക്കളുടെ തോൽവിയിൽ ആനന്ദം കണ്ടെത്തുന്നു. ഈ നിഷേധാത്മക മനോഭാവം അവരുടെ രാജ്യത്തിന്റെ മാനസികാവസ്ഥയെ മോശമായി പ്രതിഫലിപ്പിക്കുന്നു' ഇതായിരുന്നു ഇർഫാൻ പത്താന്റെ കുറിപ്പ്.

സീനിയർ ടീമിന് ശേഷം കലാശപ്പോരിൽ ഓസീസിന് മുന്നിൽ കവാത്ത് മറക്കുന്നത് അണ്ടർ 19 ടീമും ആവർത്തിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് ഇന്ത്യൻ സീനിയർ ടീം പരാജയമേറ്റുവാങ്ങിയിരുന്നു. ഫൈനൽ വരെ മികച്ച പ്രകടനങ്ങൾ നടത്തിയ ഇരുടീമുകളും കലാശപ്പോരിൽ കലമുടക്കുകയായിരുന്നു. അണ്ടർ 19 ഫൈനലിൽ ഓസീസ് ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 174 റൺസിന് കൂടാരം കയറുകയായിരുന്നു. 47 റൺസെടുത്ത ആദർശ് സിങ്ങായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ മുരുകൻ അഭിഷേക് പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. 42 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മഹ്ലി ബേർഡ്മാനും റാഫ് മക്മില്ലനും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഒന്നരപ്പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഓസീസ് അണ്ടർ 19 ലോകകപ്പ് കിരീടം ചൂടുന്നത്. കങ്കാരുപ്പടയുടെ നാലാം കിരീടമാണിത്.

ഫൈനലിൽ തോൽവി നേരിട്ടെങ്കിലും ടൂർണമെൻറിലെ വ്യക്തിഗത നേട്ടങ്ങളിൽ ഇന്ത്യൻ താരങ്ങൾ മുമ്പിൽ തന്നെയുണ്ട്. ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങളാണ്. നായകൻ ഉദയ് സഹാരൻ 56.71 ശരാശരിയിൽ 397 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ 60.00 ശരാശരിയിൽ 360 റൺസ് നേടി തൊട്ടു പിന്നിലുണ്ട്. ടൂർണമെൻറിലെ ഉയർന്ന രണ്ട് സ്‌കോറുകൾ മുഷീറിന്റെ പേരിലാണ്. ന്യൂസിലൻഡിനെതിരെ 131 റൺസും അയർലൻഡിനെതിരെ 118 റൺസുമാണ് താരം നേടിയത്. ടൂർണമെൻറിൽ കൂടുതൽ സെഞ്ച്വറി നേടിയതും മുഷീർ ഖാനാണ്. 60.60 ശരാശരിയിൽ 303 റൺസ് നേടിയ സച്ചിൻ ദാസ് റൺവേട്ടക്കാരിൽ അഞ്ചാമതുണ്ട്.

വിക്കറ്റ് നേട്ടത്തിൽ ഇന്ത്യൻ ബൗളർ സൗമി കുമാർ പാണ്ഡ്യ രണ്ടാമതുണ്ട്. 18 വിക്കറ്റാണ് താരം വീഴ്ത്തിയിട്ടുള്ളത്. പാകിസ്താന്റെ ഉബൈദ് ഷാക്കും 18 വിക്കറ്റുണ്ട്. 21 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ക്വാന മഫകയാണ് ഒന്നാമത്.

TAGS :

Next Story