40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ; ഇങ്ങനെ പോയാല്‍ അവന്‍ പത്ത് വര്‍ഷം കൂടെ ടീമിലുണ്ടാവുമെന്ന് ഇര്‍ഫാന്‍ പത്താന്‍
"ആ അര്‍ധസെഞ്ച്വറിയില്‍ 40 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. ഓരോ കളി കഴിയുമ്പോഴും അവന്‍റെ കളി മെച്ചപ്പെട്ട് വരികയാണ്"
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. പന്ത് മനോഹരമായാണ് ബാറ്റ് വീശുന്നത് എന്നും ഈ കളി തുടര്‍ന്നാല്‍ അയാള്‍ പത്ത് വര്‍ഷം കൂടെ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നും പത്താന്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാമിന്നിംഗ്സില്‍ പന്ത് വെറും 28 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി തികച്ചിരുന്നു. ഒരിന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയാണിത്. കപില്‍ ദേവിന്‍റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 30 പന്തില്‍ നിന്നാണ് കപില്‍ അര്‍ധസെഞ്ച്വറി തികച്ചത്.
" പന്തിന്‍റെ അര്‍ധസെഞ്ച്വറിയില്‍ 40 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. ഓരോ കളി കഴിയുമ്പോഴും അവന്‍റെ കളി മെച്ചപ്പെട്ട് വരികയാണ്. ഒരു സമയത്ത് ലെഗ് സൈഡിലേക്ക് മാത്രമായിരുന്നു അവന്‍ ഷോട്ടുകള്‍ പായിച്ചിരുന്നത്. ഇപ്പോള്‍ ഓഫ്സൈഡിലേക്കും അവന്‍ മനോഹരമായി ഷോട്ടുകള്‍ പായിക്കുന്നു. വെറും 24 വയസ്സാണവന്. ഈ കളി തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷം കൂടെ അവന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരിക്കും. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്യുന്ന വിക്കറ്റ് കീപ്പറായി അവന്‍ മാറും" ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
ഹനുമ വിഹാരി പുറത്തായതിന് ശേഷം ക്രീസിലെത്തിയ പന്ത് തുടക്കം മുതല്‍ തന്നെ അക്രമണോത്സുകമായാണ് ബാറ്റ് വീശിയത്. ശ്രീലങ്കന്‍ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പന്ത് തുടരെ ബൗണ്ടറികളുമായി കളം നിറഞ്ഞു. അര്‍ധ സെഞ്ച്വറി തികച്ച ശേഷം മൂന്ന് പന്തുകള്‍ നേരിട്ട താരം പ്രവീണ്‍ ജയവിക്രമക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി . 238 റൺസിനാണ് ഇന്ത്യയുടെ വിജയം.447 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 208 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ കരുണരത്‌നയുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ശ്രീലങ്ക 200 കടന്നത്. കരുണരത്‌നയെ കൂടാതെ കുശാൽ മെൻഡീസിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.
ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ തകർത്തത്. രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി ബുംറ എട്ട് വിക്കറ്റ് നേടി.
Adjust Story Font
16