''കോഹ്‍ലിക്ക് ആധിപത്യം സ്ഥാപിക്കാനുള്ള വ്യഗ്രത'' കടുത്ത വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍
അക്ഷമയാണ് കോഹ്‌ലിയെ കുഴിയിൽച്ചാടിക്കുന്നതെന്നായിരുന്നു സീനിയർ ടീമിന്‍റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്‍റെ പക്ഷം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം ഫോം തുടരുന്ന നായകന്‍ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയും ആക്രമണോത്സുകമായ നിലപാടുകളുമാണ് ഇംഗ്ലണ്ടിൽ വിരാട് കോഹ്‌ലിയുടെ മോശം ഫോമിന് കാരണമെന്ന് പഠാൻ വിമര്‍ശിച്ചു.
ഇത്തരമൊരു ആധിപത്യ ചിന്ത മനസിലുള്ളതുകൊണ്ടാണ് ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന പന്തുകളിലെല്ലാം ബാറ്റു വെക്കാൻ കോഹ്‌ലി ശ്രമിക്കുന്നതെന്ന് പഠാൻ ചൂണ്ടിക്കാട്ടി. ആകാശ് ചോപ്രയുമായി അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലിനായി നടത്തിയ സംഭാഷണത്തിലാണ് പഠാൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
"പരിശീലനത്തിന്‍റെ കുറവോ സാങ്കേതികപ്പിഴവുകളോ അല്ല വിരാട് കോഹ്‌ലിയുടെ പ്രശ്നം. ബൗർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ് ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളിലും ബാറ്റു വെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അത്രക്ക് ചെറിയ പ്രശ്നമാണിത്. സാങ്കേതികമായ കാരണങ്ങളേക്കാൾ, കോഹ്‌ലിയുടെ ആക്രമണോത്സുകമായ മനോഭാവമാണ് ബാറ്റിങ്ങിൽ കോഹ്‌ലിയെ ചതിക്കുന്നത്" പഠാൻ പറഞ്ഞു.
അതേസമയം, അക്ഷമയാണ് കോഹ്‌ലിയെ കുഴിയിൽച്ചാടിക്കുന്നതെന്നായിരുന്നു മുൻ ഇന്ത്യൻ താരവും സീനിയർ ടീമിന്‍റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്‍റെ പക്ഷം. കോഹ്‌ലിയെ പുറത്താക്കാൻ ഇംഗ്ലണ്ട് ബൗളർമാർ പ്രകടിപ്പിക്കുന്ന ക്ഷമ പോലും അവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കോഹ്‌ലി കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16