Quantcast

126 പന്തിൽ ഇരട്ടശതകം; ഇഷാൻ കിഷൻ തകർത്തത്‌ ക്രിസ്‌ഗെയിലിന്റെ ലോക റെക്കോഡ്

സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വീരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഏകദിനത്തിൽ ഇരട്ടശതകം നേടുന്ന നാലാമത്തെ താരമാണ് കിഷൻ

MediaOne Logo

Sports Desk

  • Updated:

    2022-12-10 12:26:09.0

Published:

10 Dec 2022 9:48 AM GMT

126 പന്തിൽ ഇരട്ടശതകം; ഇഷാൻ കിഷൻ തകർത്തത്‌ ക്രിസ്‌ഗെയിലിന്റെ ലോക റെക്കോഡ്
X

ധാക്ക: ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ വെട്ടിക്കെട്ട് ബാറ്റിംഗിലൂടെ ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ തകർത്തത് വെസ്റ്റൻഡീസ് താരം ക്രിസ് ഗെയിലിന്റെ ലോകറെക്കോഡ്. 126 പന്തിൽ നിന്ന് ഇരട്ടശതകം കണ്ടെത്തിയ താരം ഏറ്റവും വേഗതയേറിയ ഏകദിന ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡാണ് നേടിയത്. 2015ൽ സിംബാബ്‌വേക്കെതിരെ നടന്ന മത്സരത്തിൽ 138 പന്തിൽ നിന്നാണ് ഗെയിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്നത്. ഈ റെക്കോഡാണ് ഇപ്പോൾ കിഷൻ തകർത്തത്.

ബംഗ്ലാദേശിലെ സന്ദർശക ടീമിന്റെ ബാറ്ററുടെ ഒരു ഏകദിനത്തിൽ ഏറ്റവും വലിയ സ്‌കോറും ഇന്നത്തെ പ്രകടനത്തിലൂടെ കിഷൻ നേടി. മുമ്പ് 2011ൽ 185 റൺസ് നേടിയ ആസ്‌ത്രേലിയയുടെ ഷെയ്ൻ വാട്‌സന്റെ പേരിലാണ് ഈ റെക്കോഡുണ്ടായിരുന്നത്. സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോഡും കിഷൻ കൈവശപ്പെടുത്തി. വിദേശ രാജ്യത്തെ മത്സരത്തിൽ ഓപ്പണറായി നേടുന്ന ഉയർന്ന സ്‌കോറാണ് കിഷന്റെ ദാദയിൽ നിന്ന് സ്വന്തം പേരിലാക്കിയത്. 1999ൽ ശ്രീലങ്കക്കെതിരെ ടൗട്ടണിൽ വെച്ച് മുൻ ക്യാപ്റ്റൻ 183 റൺസ് നേടിയിരുന്നു. കൂടാതെ ബംഗ്ലാദേശിനെതിരെ ഏകദിനത്തിൽ നേടിയ ഉയർന്ന സ്‌കോറും ഇഷാന്റെ ഈ റൺവേട്ടയാണ്.

ഛത്തോഗ്രാം സഹൂർ അഹമദ് ചൗധരി സ്‌റ്റേഡിയത്തിലെ ഇരട്ടശതകത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏഴാം ബാറ്ററായും കിഷൻ മാറി. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വീരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് ഈ വിക്കറ്റ്കീപ്പർ ബാറ്റർ.

ആദ്യ രണ്ടുമത്സരങ്ങളിലും തോറ്റതോടെ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു. മൂന്നാം ഏകദിനത്തിൽ കിഷന് ടീമിൽ ഇടം ലഭിക്കുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം ഏകദിനത്തിൽ രോഹിതിന് കൈവിരലിൽ പരിക്കേറ്റതിനാൽ താരം ടീമിലെത്തുകയായിരുന്നു. ഇതോടെ 2023ലെ ഏകദിന ലോകകപ്പ് ടീമിലേക്കുള്ള മത്സരത്തിൽ കിഷൻ ഒരു ചുവട് മുന്നോട്ട് നീങ്ങിയിരിക്കുകയാണ്. ഇന്ന് ശിഖർ ധവാനൊപ്പമാണ് ഇഷാൻ ഓപ്പണററായി ഇറങ്ങിയത്. പക്ഷേ ധവാൻ എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്തായി.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയിരിക്കുകയാണ്. 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 409 റൺസാണ് ടീം നേടിയിരിക്കുന്നത്. 2019 ആഗസ്തിന് ശേഷം വിരാട് കോഹ്‌ലി ഏകദിന സെഞ്ച്വറി നേടുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. 40 മാസത്തെ ഇടവേളക്ക് ശേഷം 91 പന്തിൽ 113 റൺസാണ് മുൻ ക്യാപ്റ്റൻ കണ്ടെത്തിയത്. 2019 ആഗസ്ത് 14ന് വിൻഡീസിനെതിരെയാണ് കോഹ്‌ലി അവസാനം സെഞ്ച്വറി നേടിയിരുന്നത്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ഇന്ത്യയെ വൈറ്റ്വാഷ് ചെയ്യാനാണ് ഇറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഒരു മത്സരമെങ്കിലും ജയിക്കണമെന്ന വാശിയോടെയാണ് ഇന്ത്യൻ കുതിപ്പ്. രോഹിത് ശർമ്മ പരിക്കേറ്റ് മടങ്ങിയതിനാൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കിനെ തുടർന്ന് ദീപക് ചഹാറും പുറത്തായി. ഈ ഒഴിവിലേക്കാണ് ഓപ്പണറായി ഇഷാൻ കിഷനെയും ബോളിംഗ് സെക്ഷനിലേക്ക് കുൽദീപ് യാദവിനെയും ഇന്ത്യ എത്തിച്ചത്. റിഷഭ് പന്ത് ഇന്നത്തെ മത്സരത്തിലും ടീമിന് പുറത്താണ്.

Ishan Kishan broke Chris Gayle's world record with a 126-ball double century.

TAGS :

Next Story