സിങ് ഈസ് കിങ്; ഒഡീഷൻ കോട്ട പൊളിച്ച് ബ്ലാസ്‌റ്റേഴ്‌സ് (1-0)
ജയത്തോടെ പോയന്റ് പട്ടികയിൽ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഒഡീഷൻ പ്രതിരോധ കോട്ട പോളിച്ച് ബ്ലാസ്‌റ്റേഴ്‌സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം പിടിച്ചുവാങ്ങിയത്. 86-ാം മിനിറ്റിൽ സന്ദീപ് സിങ് ആണ് കേരളത്തിനായി വിജയഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയിൽ ആദിപത്യമുറപ്പിച്ച ഒഡീഷയ്‌ക്കെതിരെ രണ്ടാം പകുതിയിൽ ബ്ലാസ്‌റ്റേഴ്‌സ് കളി പുറത്തെടുക്കുന്ന കാഴ്ചയ്ക്കായിരുന്നു ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷിയായത്. അപരാജിതരമായി മുന്നേറുന്ന ബ്ലസ്റ്റേഴ്‌സ് ഈ ജയത്തോടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.11 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്.
മത്സരത്തിലെ ആദ്യ പകുതി ഇരുടീമുകളും ഗോളുകളൊന്നും നേടാനാവാതെ അവസാനിച്ചിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിക്കുന്ന മുന്നേറ്റമാണ് കളിയുടെ തുടക്കം മുതൽ ഒഡീഷ നടത്തിയത്. കളിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളിൽ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിലെ നാല് താരങ്ങൾക്ക് യെല്ലോ കാർഡുകളും ലഭിച്ചു.
മത്സരത്തിലെ മൂന്നാം മിനിറ്റിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിന് മുന്നിൽ ഒഡീഷ ആക്രമണം തുടങ്ങിവെച്ചു ഫെർണാണ്ടസിന്റെ മികച്ച ഷോട്ട് ഗോളാകാതെ രക്ഷപ്പെടുകയായിരുന്നു. കളിയുടെ തുടക്കം മുതൽ കൃത്യമായി പാസ് നൽകാനോ മുന്നേറ്റം നടത്തുന്നതിലും ബ്ലാസ്‌റ്റേഴ്‌സ പരാജയപ്പെട്ടു. പത്താം മിനിറ്റിൽ കലിയുഷ്‌നിയിലൂടെ ഒരു മൂന്നേറ്റത്തിന് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. 30-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനും ഒഡിഷയുടെ നന്ദകുമാർ ശേഖറിനും റഫറി മഞ്ഞക്കാർഡ് വിധിച്ചു. 35-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സന്ദീപ് സിങ്ങിനും മഞ്ഞക്കാർഡ് കിട്ടി.
ആദ്യ പകുതിയിൽ കണ്ട ബ്ലാസ്റ്റേഴ്‌സിനെയല്ല രണ്ടാം പകുതിയിൽ കണ്ടത്. സ്വന്തം മൈതാനത്ത് കാണികൾക്ക് മുന്നിൽ അവർ കളി പുറത്തെടുത്തു. അവസരങ്ങൾ തുടരെ തുടരെ സൃഷ്ടിച്ചു. 71-ാം മിനിറ്റിൽ കിട്ടിയ അവസരം മുതലാക്കാൻ നിഹാൽ സുരേഷിനായില്ല. 79-ാം മിനിറ്റിൽ ഒഡീഷ ഗോൾകീപ്പർ വരുത്തിയ അബദ്ധം മുതലാക്കാൻ സഹലിനും കഴിഞ്ഞില്ല. എന്നാൽ ഇതിനെല്ലാം പകരമായി 86-ാം മിനിറ്റിൽ സന്ദീപ് സിങ് അവതരിച്ചു. മിറാൻഡയുടെ ക്രോസ് തടയുന്നതിൽ അമരീന്ദറിന് പിഴച്ചു. പന്ത് നേരെയെത്തിയത് സന്ദീപിലേക്കാണ്. ഒഴിഞ്ഞ പോസ്റ്റിലേക്ക് തകർപ്പൻ ഹെഡ്ഡറിലൂടെ പന്ത് കുത്തിയിട്ട് മഞ്ഞപ്പടയ്ക്ക് വിജയ ഗോൾ സമ്മാനിച്ചു.
Adjust Story Font
16