ഐപിഎൽ മിനി താരലേലം; ഇസ്താംബൂളും പരിഗണനയിൽ
പുതിയ ചെയര്‍മാന്‍ അരുണ്‍ സിങ് ധുമാലിന്റെ നേതൃത്വത്തില്‍ ചേരുന്ന ഐപിഎല്‍ ഭരണ സമിതി യോഗത്തിലായിരിക്കും ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം വരിക.
മുംബൈ: ഐ.പി.എല്‍ മിനി താരലേലത്തിന് ആതിഥ്യം വഹിക്കാന്‍ പരിഗണിക്കുന്ന അഞ്ച് വേദികളില്‍ ഇസ്താംബൂളും. ബംഗളൂരു, ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നീ ഇന്ത്യൻ നഗരങ്ങൾക്കൊപ്പമാണ് സാധ്യതാ വേദിയായി ഇസ്താംബൂളും ഉൾപ്പെട്ടത്. വേദി സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. പുതിയ ചെയര്‍മാന്‍ അരുണ്‍ സിങ് ധുമാലിന്റെ നേതൃത്വത്തില്‍ ചേരുന്ന ഐപിഎല്‍ ഭരണ സമിതി യോഗത്തിലായിരിക്കും ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം വരിക.
ഇക്കൊല്ലം മിനി ലേലമാണ് നടക്കുക. നവംബർ 15നു മുൻപ് ഓരോ ഫ്രാഞ്ചൈസികളും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണം. പട്ടികയിൽ ഉൾപ്പെടാത്ത താരം ലേലത്തിൽ ഉൾപ്പെടും. വരുന്ന സീസണില്‍ ടീമുകളുടെ ശമ്പളപരിധി 90 കോടിയില്‍ നിന്ന് 95 കോടിയാക്കി വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വനിതാ ഐപിഎലിൽ താരലേലം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. പകരം, ബിഗ് ബാഷ് ലീഗിലടക്കം സ്വീകരിച്ചിരിക്കുന്ന ഡ്രാഫ്റ്റ് സിസ്റ്റമാവും ഉണ്ടാവുക.
ടീമുകൾക്കായി തുറന്ന ലേലമാണ് ഉണ്ടാവുകയെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2023 മാർച്ചിലാവും വനിതാ ഐപിഎലിൻ്റെ ആദ്യ സീസൺ നടക്കുക. അതേസമയം ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സിഡ്നിയിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് മത്സരം.
അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യം അടിച്ചെടുത്ത ആത്മവിശ്വാസം. കോഹ്‌ലിയുടെ ഉജ്ജ്വല ഫോം. കുഞ്ഞൻമാരായ നെതർലൻഡ്സിനെതിരെ വമ്പൻ ജയം മാത്രമാണ് ഇന്ത്യൻ ലക്ഷ്യം. മഴ പെയ്യുമോ എന്നതിൽ മാത്രമാണ് ആശങ്ക. പാകിസ്താനെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഹർദിക് പാണ്ഡ്യക്ക് വിശ്രമം നൽകിയേക്കും. അങ്ങനെയെങ്കിൽ ദീപക് ഹൂഡ ആദ്യ ഇലവനിലെത്തും
Adjust Story Font
16