Quantcast

വമ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്‌സൺ: പിന്നിലാക്കിയത് മഗ്രാത്തിനെ

ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളർ എന്ന റെക്കോർഡാണ് ജയിംസ് ആൻഡേഴ്‌സൺ സ്വന്തം പേരിലാക്കിയത്.

MediaOne Logo

Web Desk

  • Published:

    28 Aug 2022 10:47 AM GMT

വമ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്‌സൺ: പിന്നിലാക്കിയത് മഗ്രാത്തിനെ
X

മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ സിമൺ ഹാർമറെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്‌സൺ സ്വന്തമാക്കിയതൊരു വമ്പൻ റെക്കോർഡ്. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന പേസ് ബൗളർ എന്ന റെക്കോർഡാണ് ജയിംസ് ആൻഡേഴ്‌സൺ സ്വന്തം പേരിലാക്കിയത്.

949 വിക്കറ്റുകളുമായി ആസ്‌ട്രേലിയയുടെ ഗ്ലെൻ മഗ്രാത്തായിരുന്നു ഈ റെക്കോർഡ് നേട്ടം ഇതുവരെ അലങ്കരിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് കഴിഞ്ഞതോടെ ആൻഡേഴ്‌സന്റെ പേരിലായത് 951 വിക്കറ്റുകളും. ടെസ്റ്റിൽ മാത്രം ആൻഡേഴ്‌സൺ വീഴ്ത്തിയത് 664 വിക്കറ്റുകൾ. ഏകദിനത്തിൽ 269ഉം ടി20യിൽ 18 വിക്കറ്റുകളുമായി ആൻഡേഴ്‌സന്റെ പേരിലുള്ളത്. മുത്തയ്യ മുരളീധരനാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ. 1347 ആണ് മുത്തയ്യ മുരളീധരന്റെ പേരിലുള്ളത്. 1001 വിക്കറ്റുമായി ആസ്‌ട്രേലിയയുടെ ഷെയിൻ വോണാണ് രണ്ടാം സ്ഥാനത്ത്.

956 വിക്കറ്റുമായി ഇന്ത്യയുടെ അനിൽ കുംബ്ലെയും. കുംബ്ലയെ പിന്നിലാക്കാൻ ആൻഡേഴ്‌സന് ഏതാനും വിക്കറ്റുകൾ കൂടി മതി. അതേസമയം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജയം ഇന്നിങ്‌സിനും 85 റൺസിനുമായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി ആൻഡേഴ്‌സൺ ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 151 റൺസ് മാത്രമെ നേടാനായുള്ളൂ. മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് നേടിയത് 415 എന്ന മികച്ച സ്‌കോർ. ബെൻസ്റ്റോക്‌സും ബെൻ ഫോക്‌സും സെഞ്ച്വറി നേടി. കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സിലും അടിപതറി.

179ന് എല്ലാവരും പുറത്ത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി(1-1). ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ജയം ഇന്നിങ്‌സിനും 12 റൺസിനുമായിരുന്നു. മൂന്നാം മത്സരം അടുത്ത മാസം എട്ടിന് ലണ്ടനിൽ നടക്കും.

TAGS :

Next Story