ടീം ഇന്ത്യയ്ക്ക് ബിഗ് ഷോക്ക്; ബുംറയുടെ പരിക്ക് ഗുരുതരം, ടി20 ലോകകപ്പ് നഷ്ടമായേക്കും
നേരത്തെയുണ്ടായ പുറംവേദന കലശലായതായാണ് ബുംറയ്ക്ക് തിരിച്ചടിയായത്
ന്യൂഡൽഹി: ടി20 ലോകകപ്പിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പുതിയ വാർത്ത വരുന്നു. ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ പരിക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏഷ്യാ കപ്പിനു പിന്നാലെ ടി20 ലോകകപ്പും താരത്തിനു നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. നേരത്തെയുണ്ടായ പുറംവേദന കലശലായതായാണ് താരത്തിന് തിരിച്ചടിയായത്. നിലവിൽ ബംഗളൂരുവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലാണ് ബുംറയുള്ളതെന്നാണ് വിവരം. 2019ലും ബുംറയ്ക്ക് പുറംവേദനയെ തുടർന്ന് ഏറെക്കാലം പുറത്തിരിക്കേണ്ടി വന്നിരുന്നു.
ബുംറയുടെ പരിക്ക് ആശങ്കാജനകമാണെന്ന് ഒരു മുതിർന്ന ബി.സി.സി.ഐ വൃത്തം കായിക പോർട്ടലായ 'ഇൻസൈഡ്‌സ്‌പോർട്ടി'നോട് വെളിപ്പെടുത്തി. പഴയ പരിക്ക് തന്നെയാണെന്നതാണ് ആശങ്കപ്പെടുത്തുന്നത്. ലോകകപ്പിന് ഇനി രണ്ടു മാസം കൂടിയേയുള്ളൂ. ഏറ്റവും മോശം സമയത്താണ് ഇപ്പോൾ ഇങ്ങനെയൊരു പരിക്കുണ്ടായിരിക്കുന്നത്. ബി.സി.സി.ഐ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകുമെന്നും ബി.സി.സി.ഐ വൃത്തം കൂട്ടിച്ചേർത്തു.
പരിക്ക് ഗുരുതരമായതിനാൽ ചുരുങ്ങിയ കാലയളവിൽ ശാരീരികക്ഷമത വീണ്ടെടുക്കുക ശ്രമകരമായിരിക്കും. പരിക്കിൽനിന്ന് മുക്തനാകാനായില്ലെങ്കിൽ ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനത്തെ അത് വലിയ തോതിൽ ബാധിക്കുമെന്നുറപ്പാണ്. ദിവസങ്ങൾക്കു മുൻപ് അവസാനിച്ച വെസ്റ്റിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിലും 18ന് തുടങ്ങാനിരിക്കുന്ന സിംബാബ്‌വേ പര്യടനത്തിനുമുള്ള ടീമിൽ ബുംറയുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ബുംറയില്ലാതെ ഏഷ്യാ കപ്പിനുള്ള ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ജോലിഭാരം ലഘൂകരിക്കുന്നതിനായി തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് താരത്തെ മാറ്റിനിർത്തിയെങ്കിലും നിർണായക സമയത്ത് വന്ന പരിക്ക് ടീമിനു തിരിച്ചടിയാവും.
Summary: Injured Jasprit Bumrah doubtful for T20 World Cup 2022: Reports
Adjust Story Font
16