ജയ് ഷാ ഐ.സി.സി അധ്യക്ഷൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ദുബൈ: ബി.സി.സിഐ സെക്രട്ടറി ജയ്ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാകുമെന്ന് ഉറപ്പായി. മറ്റാരും മത്സരരംഗത്തില്ലാത്തതിനാൽ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തെരഞ്ഞെടുത്തത്. 2024 ഡിസംബർ 1 മുതലാകും ജയ്ഷാ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക.
2019 ഒക്ടോബർ മുതൽ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാ 2021 ജനുവരി മുതൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനായും പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായി രണ്ടുതവണ ഐ.സി.സി അധ്യക്ഷനായിരുന്ന ന്യൂസിലാൻഡുകാരൻ ജെഫ് ബാർക്ലേ ഇനി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ചിരുന്നു.
‘‘ഈ പദവി ഏറ്റെടുക്കുന്നതിൽ അഭിമാനമുണ്ട്. ക്രിക്കറ്റിനെ ആഗോള തലത്തിലേക്ക് വളർത്തുകയാണ് ലക്ഷ്യം. ക്രിക്കറ്റിനെ മുൻകാലങ്ങളിലേതിനേക്കാൾ പ്രചാരമുള്ളതാക്കും. 2028 ലോസ് ആഞ്ചൽസ് ഒളിമ്പിക്സിൽ ഉൾപ്പെട്ടത് ക്രിക്കറ്റിന്റെ വളർച്ചയെ സഹായിക്കും. ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്’’ -ജയ് ഷാ പ്രതികരിച്ചു.
ജഗ് മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി അധ്യക്ഷ പദം അലങ്കരിച്ച ഇന്ത്യക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ മകനാണ് ജയ്ഷാ.
Adjust Story Font
16