'ഈ ഇന്ത്യൻ ബൗളറാണ് ഞാൻ നേരിട്ടവരിൽ അപകടകാരി'; വെളിപ്പെടുത്തി ജോസ് ബട്‌ലർ
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നെടുന്തൂണാണ് ബട്‌ലർ
താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളറുടെ പേര് വെളിപ്പെടുത്തി ലോകത്തെ മികച്ച വൈറ്റ് ബോൾ ബാറ്റർമാരിൽ ഒരാളായ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ. ഇ.എസ്.പി.എൻ.ക്രിക് ഇൻഫോയുമായുള്ള അഭിമുഖത്തിലാണ് 32കാരനായ താരം മികച്ച ബൗളറെ തിരഞ്ഞെടുത്ത്. ടി20യിൽ താങ്കൾ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളറാരെന്ന ചോദ്യത്തിന് ഇന്ത്യൻ പേസറായ ജസ്പ്രീത് ബുംറയുടെ പേരാണ് ബട്‌ലർ പറഞ്ഞത്. ടി20യിൽ താരത്തെ ബുംറ നാലു വട്ടം പുറത്താക്കിയിട്ടുണ്ട്. ഇരുവരും മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്നു.
മുതുകിലെ പരിക്ക് മൂലം ബുംറ ഇപ്പോൾ കളിക്കളത്തിലില്ല. ആസ്‌ത്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകൾ താരത്തിന് നഷ്ടമാകും. അവസാന രണ്ട് മത്സരങ്ങളിൽ ബുംറയെത്തുമോയെന്ന് ബി.സി.സി.ഐ പിന്നീട് വ്യക്തമാക്കും. വരുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ താരം ഐ.പി.എല്ലിന് ഇറങ്ങാൻ സാധ്യതയില്ല. സുപ്രധാന ലോകകപ്പിന് പൂർണ ആരോഗ്യത്തോടെ എത്താനാകും ശ്രമം.
അതേസമയം മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നെടുന്തൂണാണ് ബട്‌ലർ. 2019ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിൽ സുപ്രധാന പങ്ക്‌വഹിച്ചതും ഈ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു. കഴിഞ്ഞ വർഷം ആസ്‌ത്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിച്ചതും ഇദ്ദേഹമായിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിൽ അഞ്ച് സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയുടെ റെക്കോർഡ് താരം തകർത്തിരുന്നു.
ഫെബ്രുവരി ഒമ്പത് മുതൽ 13 വരെയായി ആസ്ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എസ്. ഭരത് (വിക്കറ്റ്കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ്കീപ്പർ), ആർ. അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്, സൂര്യകുമാർ യാദവ്.
Jos Buttler reveals the most dangerous bowler he has faced
Adjust Story Font
16