സഞ്ജു -82, സച്ചിൻ-109; രാജസ്ഥാനെ മറികടക്കാൻ കേരളത്തിന് 67 റൺസ് കൂടി
രണ്ടാം ദിവസത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് ടീം നേടിയത്
രഞ്ജി ട്രോഫിയിൽ രാജസ്ഥാന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ കേരളത്തിന് വേണ്ടത് 67 റൺസ് കൂടി. രണ്ടാം ദിവസത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് ടീം നേടിയത്. രാജസ്ഥാൻ ആദ്യ ഇന്നിംഗ്‌സിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 335 റൺസാണ് അടിച്ചിരുന്നത്.
സെഞ്ച്വറി നേടിയ (109) സച്ചിൻ ബേബിയും അർധ സെഞ്ച്വറി നേടിയ (82) ക്യാപ്റ്റൻ സഞ്ജു സാംസണുമാണ് കേരളാ നിരയിൽ തിളങ്ങിയത്. ഓപ്പണർമാരായ പൊന്നൻ രാഹുൽ പത്തും രോഹൻ പ്രേം 18 ഉം റൺസ് നേടി പെട്ടെന്ന് പുറത്തായി. റൺഡൗണായെത്തിയ ഷോൺ റോജർ റണ്ണൊന്നുമെടുക്കാതെ മടങ്ങി. മൂവരുടെയും വിക്കറ്റ് അനികേത് ചൗധരിക്കായിരുന്നു. പൊന്നനെ ബൗൾഡാക്കിയപ്പോൾ രോഹനെയും ഷോണിയെ ക്യാച്ചിൽ വീഴ്ത്തുകയായിരുന്നു. രോഹനെ കുണാൽ സിംഗും ഷോണിനെ അശോക് മെനാരിയയുമാണ് പിടിച്ചത്. സഞ്ജുവിനെ മാനവിന്റെ പന്തിൽ സൽമാൻഖാൻ പിടികൂടിയപ്പോൾ സെഞ്ച്വറി നേടിയ സച്ചിൻ പുറത്താകാതെ നിൽക്കുകയാണ്. അക്ഷയ് ചന്ദ്രൻ (5), ജലജ് സക്‌സേന (21), സിജോമോൻ ജോസഫ് (10), ബേസിൽ തമ്പി എന്നിവരാണ് പുറത്തായ മറ്റു കേരളാ ബാറ്റർമാർ. ഫാസിൽ ഫാനൂസ്, എംഡി നിധീഷ് എന്നിവരാണ് ഇനി ഇറങ്ങാനുള്ളത്.
നേരത്തെ സെഞ്ച്വറി നേടിയ (133) ദീപക് ഹൂഡയുടെയും അർധ സെഞ്ച്വറി നേടിയ യാഷ് കോത്താരി, സൽമാൻ ഖാൻ എന്നിവരുടെ മികവിലാണ് രാജസ്ഥാൻ വൻ സ്‌കോർ നേടിയത്. മൂന്നു വിക്കറ്റ് വീതം നേടിയ അനികേത് ചൗധരിയും മാനവ് ജഗ്ദുസകുമാർ സുത്താറുമാണ് അവർക്കായി ബൗളിംഗിൽ തിളങ്ങിയത്.
Adjust Story Font
16