Quantcast

രഞ്ജി ട്രോഫിയിൽ ബംഗാളിനെ എറിഞ്ഞിട്ട് കേരളം; ജലജ് സക്‌സേനക്ക് ഏഴ് വിക്കറ്റ്

265-4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ആറുവിക്കറ്റുകൾ 98 റൺസ് എടുക്കുന്നതിനിടെ നഷ്ടമായി.

MediaOne Logo

Web Desk

  • Published:

    10 Feb 2024 1:38 PM GMT

രഞ്ജി ട്രോഫിയിൽ ബംഗാളിനെ എറിഞ്ഞിട്ട് കേരളം; ജലജ് സക്‌സേനക്ക് ഏഴ് വിക്കറ്റ്
X

തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 363 റൺസിന് മറുപടിയായി ഇറങ്ങിയ ബംഗാൾ രണ്ടാംദിനം അവസാനിച്ചപ്പോൾ 172ന് എട്ട് എന്ന നിലയിലാണ്. ജലജ് സക്‌സേന ഏഴ് വിക്കറ്റുമായി തിളങ്ങി. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ രണ്ട് വിക്കറ്റ് ശേഷിക്കെ ബംഗാളിന് 191 റൺസ്‌ കൂടി വേണം.

തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിൽ 265-4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ആറുവിക്കറ്റുകൾ 98 റൺസ് എടുക്കുന്നതിനിടെ നഷ്ടമായി. 124 റൺസെടുത്ത സച്ചിൻ ബേബിയെ കരൺ ലാൽ പുറത്താക്കി. സച്ചിൻ ബേബി- അക്ഷയ് ചന്ദ്രൻ സഖ്യം അഞ്ചാം വിക്കറ്റിൽ 179 റൺസാണ് കൂട്ടിചേർത്തത്. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ (29 പന്തിൽ 13), ശ്രേയസ് ഗോപാൽ (12 പന്തിൽ 2) എന്നിവർ വേഗം മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഒരറ്റത്ത് ആതിഥേയർക്കായി പൊരുതിയ അക്ഷയ് ചന്ദ്രൻ സെഞ്ചുറിയുമായി രണ്ടാം ദിനത്തിൽ തിളങ്ങി. 106 റൺസിൽ നിൽക്കെ ഷഹബാസ് അഹമ്മദ് അക്ഷയിനെ ക്ലീൻബൗൾഡാക്കി.

മറുപടി ബാറ്റിംഗിൽ രഞ്‌ജോത് സിംഗ് ഖാര്യയുടെ വിക്കറ്റാണ് ബംഗാളിന് ആദ്യം നഷ്ടമായത്. 6 റൺസെടുത്ത ഖാര്യയെ നിധീഷ് മടക്കി. ഇതിന് ശേഷം ഇന്ന് വീണ ഏഴ് വിക്കറ്റുകളും പേരിലാക്കി ജലജ് സക്‌സേന ബംഗാളിനെ എറിഞ്ഞൊതുക്കുകയായിരുന്നു. അഭിമന്യു ഈശ്വരൻ (72), സുദിപ് കുമാർ ഖരാമി (33), ക്യാപ്റ്റൻ മനോജ് തിവാരി (6), വിക്കറ്റ് കീപ്പർ അഭിഷേക് പോരെൽ (2), അനുസ്തുപ് മജുംദാർ (0), ഷഹബാസ് അഹമ്മദ് (8), ആകാശ് ദീപ് (4) എന്നിവരും വേഗത്തിൽ പുറത്തായി. മൂന്നാംദിനത്തിൽ ആദ്യ സെഷനിൽ തന്നെ ബംഗാളിന്റെ വാലറ്റത്തെ പുറത്താക്കി ലീഡ് ഉയർത്താനാണ് കേരളം ലക്ഷ്യമിടുന്നത്.

TAGS :

Next Story