Quantcast

പഞ്ചാബിന് കേരള പഞ്ച്; രഞ്ജി ട്രോഫിയിൽ കേരളത്തിന് എട്ട് വിക്കറ്റ് ജയം

രണ്ടാം ഇന്നിങ്‌സിൽ സച്ചിൻ ബേബി അർധ സെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തി

MediaOne Logo

Sports Desk

  • Published:

    14 Oct 2024 1:21 PM GMT

Kerala Punch for Punjab; Kerala won by eight wickets in the Ranji Trophy
X

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിൽ കേരളത്തിന് വിജയത്തുടക്കം. തുമ്പ സെന്റ്‌സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് തകർത്തത്. പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ ഇന്നിങ്‌സിൽ ലീഡ് വഴങ്ങിയ ശേഷമാണ് ആതിഥേയർ തിരിച്ചുവരവ് നടത്തിയത്. ക്യാപ്റ്റൻ സച്ചിൻ ബേബി 56 റൺസ് നേടി രണ്ടാം ഇന്നിങ്‌സിൽ മികച്ചുനിന്നു. സ്‌കോർ: പഞ്ചാബ്-194,142, കേരളം-179,158-2

രണ്ടാം ഇന്നിങ്സിൽ 23-3 എന്ന നിലയിൽ അവസാനദിനം ബാറ്റിങിനിറങ്ങിയ പഞ്ചാബ് തകർന്നടിയുകയായിരുന്നു. കളി തുടങ്ങി ആറാം ഓവറിൽ തന്നെ അഞ്ച് റൺസെടുത്ത ക്രിഷ് ഭഗതിനെ സന്ദർശകർക്ക് നഷ്ടമായി. തൊട്ടുപിന്നാലെ 12 റൺസെടുത്ത നേഹൽ വധേരയും പുറത്തായി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന അൻമോൽപ്രീത് സിങ്ങും പ്രഭ്സിമ്രാൻ സിങ്ങും പഞ്ചാബിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 51 റൺസെടുത്ത പ്രഭ്സിമ്രാനെ മടക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. വെറും 21 റൺസിനിടെ പഞ്ചാബിന്റെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി വീണു.

ആദിത്യ സർവാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വിജയം മാത്രം ലക്ഷ്യമാക്കി ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. രോഹൻ കുന്നുമ്മലിന്റെ അതിവേഗ ഇന്നിങ്സ് തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം നൽകി. 36 പന്തിൽ 48 റൺസുമായി രോഹൻ മടങ്ങിയെങ്കിലും കേരളം സ്‌കോറിംഗ് ഉയർത്തി മുന്നേറി. ബാബ അപരാജിത് 39 റൺസെടുത്തു. 18ന് ബംഗളൂരുവിൽ കർണാടകവുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

TAGS :

Next Story