'എങ്ങനെ അവൻ ഏഷ്യാ കപ്പ് ടീമിലെത്തി'; ടീം സെലക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
"അക്‌സർ പട്ടേലിനെയും മുഹമ്മദ് ഷമിയേയും പുറത്തിരുത്തി അയാളെ ടീമിലെടുത്ത തീരുമാനം നിരാശപ്പെടുത്തുന്നതാണ്"
ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം സെലക്ഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കിരൺ മോറെ. സ്പിന്നർ ആർ അശ്വിനെ ഏഷ്യാ കപ്പ് ടീമിലെടുത്ത തീരുമാനത്തിലാണ് താരം വിമർശനവുമായി രംഗത്തെത്തിയത്. അശ്വിനെ ടീമിലെടുത്തത് നിരാശപ്പെടുത്തുന്ന തീരുമാനമാണെന്നും അക്‌സർ പട്ടേലിനെയും മുഹമ്മദ് ഷമിയേയും പുറത്തിരുത്തിയ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
"അശ്വിനെ ടീമിലെടുത്ത തീരുമാനം എന്നെ ഞെട്ടിച്ചു കളഞ്ഞു. കഴിഞ്ഞ ലോകകപ്പിലും അദ്ദേഹത്തെ ടീമിലെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന് കളിക്കാനായില്ല. അദ്ദേഹത്തിന്‍റെ ഐ.പി.എൽ റെക്കോർഡുകളും അത്ര നല്ലതല്ല. ഷമിയും അക്‌സർ പട്ടേലും ടീമിൽ ഉണ്ടാവണമായിരുന്നു. ഷമിയെ ഉറപ്പായും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം.മിഡിൽ ഓവറുകളിൽ ന്യൂബോളുമായെത്തി വിക്കറ്റുകൾ കൊയ്യാൻ മിടുക്കനാണവൻ"- മോറെ പറഞ്ഞു.
നാല് സ്പിന്നര്‍മാരേയാണ് ഇന്ത്യ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അശ്വിന് പുറമേ യുസ് വേന്ദ്ര ചാഹലും രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയും ടീമിലുണ്ട്. അതേസമയം, മൂന്നു സ്‌പെഷലിസ്റ്റ് പേസര്‍മാര്‍ മാത്രമാണ് ടീമിലുള്ളത്. ജസ്പ്രീത് ബുംറ ടീമിലില്ലാത്തതിനാല്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണമെന്ന് പലരും നിര്‍ദേശവുമായെത്തിയിരുന്നു.
ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായാണ്. മികച്ച ടീമുമായി എത്തുന്ന പാകിസ്ഥാന്‍ തന്നെയാകും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി.
Adjust Story Font
16