കാൻസർ ബാധിതനാണെന്നത് പരിഗണിച്ചില്ല; യുവരാജിന്റെ കരിയർ അവസാനിപ്പിച്ചതിൽ കോഹ്‍ലിക്ക് പങ്ക് -റോബിൻ ഉത്തപ്പ
ന്യൂഡൽഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ കരിയർ അവസാനിപ്പിച്ചതിൽ കോഹ്‍ലിക്ക് പങ്കുണ്ടെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. യുവരാജിന് ടീമിൽ ഇടം ലഭിക്കാത്തിരുന്നതിന് കാരണം കോഹ്‍ലിയുടെ നയങ്ങളാണെന്ന് ഉത്തപ്പ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
‘‘ഞാൻ വിരാട് കോഹ്‍ലിക്ക് കീഴിൽ അധികം കളിച്ചിട്ടില്ല. പക്ഷേ കോഹ്‍ലിയുടെ രീതികൾ വളരെ വിഭിന്നമാണ്. എല്ലാവരും തന്റെ അതേ നിലവാരം പുലർത്തണമെന്ന് അദ്ദേഹം കരുതുന്നു. പൊതുവേ ക്രിക്കറ്റിൽ രണ്ടു തരം ക്യാപ്റ്റൻമാർ ഉണ്ടാകും. ഒന്നുകിൽ തന്റെ വഴിക്ക് വരിക അല്ലെങ്കിൽ ടീമിന് പുറത്തുപോകുക എന്നതാണ് കോഹ്‍ലിയുടെ സ്റ്റൈൽ. എന്നാൽ മറ്റു ചില ക്യാപ്റ്റൻമാർ സഹതാരങ്ങളെക്കൂടി ചേർത്തുനിർത്തും. ഈ രണ്ട് രീതികൾക്കും ഗുണവും ദോഷവുമുണ്ട്’’
‘‘ യുവരാജിന്റെ കാര്യം ഉദാഹരണമായെടുക്കാം. യുവരാജ് കാൻസറിനെ തോൽപ്പിച്ചവനാണ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാനും ശ്രമം നടത്തി. യുവരാജ് ഇന്ത്യക്ക് രണ്ട് ലോകകപ്പുകൾ നേടിത്തവനാണ്. വിജയത്തിൽ മറ്റുതാരങ്ങളുണ്ടായിരുന്നുവെങ്കിലും യുവരാജാണ് പ്രധാന റോൾ ചെയ്തത്’’
‘‘ ടീമിലേക്ക് മടങ്ങിവരാനായി ഫിറ്റ്നസ് ടെസ്റ്റിൽ രണ്ട് പോയന്റുകളുടെ ഇളവ് യുവരാജ് ചോദിച്ചിരുന്നു. എന്നാൽ ഇതു നൽകാൻ കോഹ്‍ലിയും തലപ്പത്തുള്ളവരും തയാറായില്ല. നിങ്ങൾ ക്യാപ്റ്റനാകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ ഫിറ്റ്നസ് മാനദണ്ഡങ്ങളുണ്ടാകും. പക്ഷേ അത്തരം നിയമങ്ങൾ ചിലർക്ക് വേണ്ടി ലഘൂകരിക്കണം. കാരണം അയാൾ അർബുദത്തെ അതിജീവിച്ചവനും മുമ്പ് ടൂർണമെന്റുകൾ നേടിത്തന്നവനുമാണ്. ജീവിതത്തിലെ ഏറ്റവും കഠിനമായ ബുദ്ധിമുട്ടുകളാണ് അവൻ മറികടന്നത്’’
‘‘യുവരാജ് പിന്നീട് ഫിറ്റസ് ടെസ്റ്റ് വിജയിച്ചെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ ഫോമിലെത്താൻ സാധിച്ചില്ല. ഇതോടെ ടീമിന് വെളിയിലായി. പിന്നീട് അദ്ദേഹത്തിന് മുന്നിൽ ടീമിലേക്കുള്ള വഴി തെളിഞ്ഞില്ല’’- ഉത്തപ്പ പ്രതികരിച്ചു. ടീമിലിടം ലഭിക്കാതെയായതോടെ 2019 ജൂൺ പത്തിന് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16