Quantcast

സെൽഫിയിൽ കുടുങ്ങി; നാല് കോഹ്‍ലി ആരാധകർ അറസ്റ്റിൽ

ആരാധകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും ഉടൻ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു

MediaOne Logo

Sports Desk

  • Published:

    14 March 2022 3:13 PM

സെൽഫിയിൽ കുടുങ്ങി; നാല് കോഹ്‍ലി ആരാധകർ അറസ്റ്റിൽ
X

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടിലേക്കിറങ്ങി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോടൊപ്പം സെൽഫിയെടുത്ത നാല് ആരാധകർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്. ശേഷം വിരാട് കോഹ്‍ലിക്കൊപ്പം ഇവർ സെൽഫിയെടുത്തു. കോഹ്‍ലി ഇവരെ ഫോട്ടോ പകർത്താൻ അനുവദിക്കുകയും ചെയ്തു. ആരാധകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും ഉടൻ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും ബാംഗ്ലൂരിലെ കബ്ബൺ പാർക്ക് പൊലീസ് വ്യക്തമാക്കി.

ആരാധകരിൽ മൂന്ന് പേർ ബാംഗ്ലൂർ സ്വദേശികളും ഒരാൾ കൽബുർഗി സ്വദേശിയുമാണ്. ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നതിനും സുരക്ഷാചട്ടങ്ങൾ ലംഘിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യൻ ബൗളർ മുഹമ്മദ് ഷമിയുടെ പന്ത് കൊണ്ട് പരിക്കേറ്റ ലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ ഡോക്ടർമാർ പരിശോധിക്കുന്നതിനിടെയായിരുന്നു ആരാധകർ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. കോഹ്‍ലിയുടെ അടുക്കലേക്ക് ഓടിയെത്തിയ ഇവരുടെ കൂട്ടത്തിലെ ഒരാൾ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സെൽഫിയെടുക്കുകയായിരുന്നു. അപ്പോഴേക്കും ഇവരുടെ അടുക്കലേക്ക് ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ കയ്യോടെ പിടികൂടിയ ശേഷം ബലം പ്രയോഗിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഉടൻ തന്നെ ഇവർക്കെതിരെ കേസും ഫയൽ ചെയ്തു.

TAGS :

Next Story