സാം കോൺസ്റ്റാസിനോട് കൊമ്പുകോർത്തു; കോഹ്‌ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ
പിച്ചിലൂടെ നടന്നു പോകുന്നതിനിടെയാണ് കോഹ്‌ലി താരത്തെ തോളു കൊണ്ട് ഇടിച്ചത്
മെൽബൺ: ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസീസ് കൗമാര താരം സാം കോൺസ്റ്റാസിന്റെ ദേഹത്ത് ഇടിച്ച സംഭവത്തിൽ വിരാട് കോഹ്‌ലിക്ക് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് ഐസിസി പിഴ ഈടാക്കിയതെന്നാണ് റിപ്പോർട്ട്. കോൺസ്റ്റാസുമായി ഇന്ത്യൻ താരം അനാവശ്യമായി കൊമ്പുകോർത്തത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യദിനത്തെ ചൂടുപിടിപ്പിച്ചിരുന്നു. പത്താം ഓവർ അവസാനിച്ചതിന് ശേഷമായിരുന്നു സംഭവം.
പിച്ചിലൂടെ നടന്നു കൊണ്ടുപോകുന്നതിനിടെയാണ് കോഹ്‌ലി താരത്തെ തോളു കൊണ്ട് ഇടിച്ചത്. പിന്നീട് ഇരുവരും മൈതാനത്ത് വച്ച് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഉസ്മാൻ ഖ്വാജയെത്തിയാണ് രംഗം ശാന്തമാക്കിയത്.
ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവൽ വൺ ലംഘിച്ചതായാണ് കണ്ടെത്തൽ. കോഹ്ലിക്ക് മൂന്ന് മുതൽ നാല് വരെയുള്ള ഡി മെറിറ്റ് പോയന്റ് ലഭിച്ചേക്കും. നാല് ഡി മെറിറ്റ് പോയന്റാണെങ്കിൽ ഒരു കളിയിൽ നിന്ന് സസ്‌പെൻഷൻ വരെ ലഭിച്ചേക്കാം. മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, ഓസീസ് നായകൻ റിക്കി പോണ്ടിങ് അടക്കമുള്ളവർ കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ നാല് ബാറ്റർമാരുടെ അർധ സെഞ്ച്വറി കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 എന്ന നിലയിലാണ് ആതിഥേയർ. 68 റൺസുമായി സ്റ്റീവൻ സ്മിത്തും എട്ടു റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. സാം കോൺസ്റ്റാസ്(60), ഉസ്മാൻ ഗ്വാജ(57), മാർനസ് ലബുഷെയിൻ(72) എന്നിവരും മികച്ച പ്രകടനം നടത്തി. കഴിഞ്ഞ മാച്ചിലെ ഹീറോ ട്രാവിസ് ഹെഡിനേയും(0), മിച്ചൻ മാർഷിനേയും(4) പുറത്താക്കി ജസ്പ്രീത് ബുംറ സന്ദർശകരെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു. അലക്‌സ് കാരിയാണ്(31) പുറത്തായ മറ്റൊരു ഓസീസ് താരം. 87,242 പേരാണ് ആദ്യദിനം മത്സരം കാണാനായെത്തിയത്. ഇന്ത്യ-ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റിലെ ഏറ്റവും ഉയർന്ന അറ്റൻഡൻസ് എന്ന റെക്കോർഡും സ്വന്തമാക്കി
Adjust Story Font
16