വമ്പൻ സ്‌കോറിന് മുന്നിൽ കൊൽക്കത്ത വീണു: ഡൽഹിക്ക് ജയം
ഡൽഹി ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 19.4 ഓവറിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
മുംബൈ: 216 റൺസ് എന്ന കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്ത വീണു. ഡൽഹി കാപിറ്റൽസിന്റെ വിജയം 44 റൺസിനായിരുന്നു. ഡൽഹി ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 19.4 ഓവറിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ശ്രേയസ് അയ്യർ(54) ശ്രമിച്ചെങ്കിലും പിന്തുണ കൊടുക്കാൻ ആളില്ലാതെ പോയി.
കൂറ്റൻ സ്‌കോർ പിന്തുടരുമ്പോൾ വേണ്ടിയിരുന്ന മികച്ച കൂട്ടുകെട്ടുകളൊന്നും കൊൽക്കത്തൻ നിരയിൽ പിറന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. നിതിഷ് റാണ(30) വെങ്കടേഷ് അയ്യർ(18) ആൻഡ്രെ റസൽ(24) സാം ബില്ലിങ്‌സ്(15) എന്നിവർ വേഗത്തിൽ കൂടാരം കയറി.
ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം തന്നെ തകർത്തപ്പോൾ ഡൽഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയത് 216 റൺസ് എന്ന വിജയലക്ഷ്യം. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 215 റൺസ് നേടിയത്. ടേസ് നേടിയ കൊൽക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് നൽകിയത്.
93 റൺസിന്റെ മിന്നൽ തുടക്കമാണ് ഈ സഖ്യം നൽകിയത്. 29 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം 51 റൺസാണ് പൃഥ്വി ഷാ നേടിയത്. അതേസമയം ആദ്യ മത്സരം കളിക്കുന്ന ഡേവിഡ് വാർണറും മോശമാക്കിയില്ല. 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 61 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ഇരുവരും ക്രീസിൽ നിന്നപ്പോൾ 8.4 ഓവറിൽ 93 റൺസ് പിറന്നു.
പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ എത്തിയ നായകൻ റിഷബ് പന്തും അടിച്ചുകളിച്ചു. രണ്ട് വീതം സിക്‌സറും ഫോറും അടക്കം 14 പന്തുകളിൽ നിന്ന് 27 റൺസാണ് പന്ത് നേടിയത്. പന്തിനെ ഉമേഷ്, റസലിന്റെ കൈകളിലെത്തിച്ചു.
പിന്നാലെ എത്തിയ ലളിത് യാദവ്, റോവ് മാൻ പവൽ എന്നിൽ എളുപ്പത്തിൽ മടങ്ങിയത് ഡൽഹിയെ പ്രതിരോധത്തിലാക്കിയെങ്കിലും റൺറേറ്റ് താഴാതെ നോക്കി. അവസാന ഓവറുകളിൽ അക്‌സർ പട്ടേലും ഷർദുൽ താക്കൂറും ചേർന്നാണ് ടീം സ്‌കോർ 200 കടത്തിയത്. അക്‌സർ പട്ടേൽ 22 റൺസെടുത്തു. ശർദുൽ താക്കൂർ 29 റൺസും നേടി. പതിനൊന്ന് പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ശർദുൽ താക്കൂറിന്റെ ഇന്നിങ്‌സ്. ഇരുവരെയും പുറത്താക്കാൻ കൊൽക്കത്തൻ ബൗളർമാർക്കായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Summary- Kolkata Knight Riders vs Delhi Capitals, 19th Match Report
Adjust Story Font
16