മുംബൈ ഇന്ന് ജയിക്കുമോ? നേരിടുന്നത് ഫോമിലുള്ള കൊൽക്കത്തയെ
തുടർതോൽവികൾ പതിവാണെങ്കിലും ഇത്തവണ മുംബൈയുടെ നില പരുങ്ങലിലാണ്
മുംബൈ: ഐ.പി.എല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് കൊൽക്കത്തയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് എം.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. തുടർതോൽവികൾ പതിവാണെങ്കിലും ഇത്തവണ മുംബൈയുടെ നില പരുങ്ങലിലാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരെയായിരുന്നു മുംബൈക്ക് പിഴച്ചത്. ഒന്നില്‍ സ്‌കോര്‍ പ്രതിരോധിക്കാനാവാതെ രോഹിത് ശര്‍മയുടെ ടീം തോല്‍വിയിലേക്ക് വീണപ്പോള്‍ മറ്റൊന്നില്‍ റണ്‍ചേസിലും മുംബൈയ്ക്കു അടിതെറ്റുകയായിരുന്നു. അതിനാല്‍ മൂന്നാം മത്സരത്തില്‍ ജയിക്കാനുറച്ചാണ് മുംബൈ ഇറങ്ങുന്നത്.
മെഗാലേലത്തിൽ വമ്പൻ താരങ്ങളെ നഷ്ടമായ രോഹിത്തിനും കൂട്ടർക്കും മികച്ച നിരയെ വിളിച്ചെടുക്കാനുമായില്ല. പാണ്ഡ്യ സഹോദരങ്ങൾക്ക് പകരമായി കൊണ്ടുവന്ന ടിം ഡേവിഡും ഡാനിയൽ സാംസും രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. പരിക്കേറ്റ സൂര്യകുമാർ യാദവ് എത്രയും വേഗം തിരിച്ചുവരണമെന്നാകും ടീമിന്റെ പ്രാർഥന. സൂര്യകുമാറിന്റെ സ്ഥാനത്തെത്തിയ അൻമൊൽപ്രീത് സിങ് ഫോമിലല്ല. ജസ്പ്രീത് ബുംറയല്ലാതെ മറ്റൊരു സ്റ്റാർ ബൗളറില്ലാത്തതും മുംബൈക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ മത്സരത്തിൽ ഒരോവറിൽ 26 റൺസ് വഴങ്ങിയ മലയാളി താരം ബേസിൽ തമ്പിയെ ഇന്ന് പുറത്തിരുത്തിയേക്കും. അങ്ങനെയെങ്കിൽ ജയദേവ് ഉനദ്ഘട്ടാകും പകരക്കാരനായി എത്തുക. ഫിനിഷിങിൽ പൊള്ളാർഡ് മികവ് പുറത്തെടുക്കേണ്ടതും മുംബൈക്ക് അനിവാര്യമാണ്. ശ്രേയസ് അയ്യരിന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും കൊൽക്കത്ത ജയിച്ചു.
Summary: Who Will Win Today's IPL Match Between Kolkata Knight Riders And Mumbai Indians
Adjust Story Font
16