എത്ര കൊണ്ടാലും പഠിക്കാത്ത ആർ.സി.ബി മാനേജ്മെന്റ്; നിരാശയിൽ ആരാധകർ
എന്തുവന്നാലും സ്വന്തം ടീമിനെ കൈവിടാത്ത ആർ.സി.ബി ആരാധകർ ഇതിനേക്കാൾ മികച്ച ഒരുടീമിനെയും അതിലുപരി മാനേജ്മെന്റിനെയും അർഹിക്കുന്നുണ്ട്. സീസണിൽ 5 മത്സരങ്ങൾ പിന്നിട്ട റോയൽ ചാലഞ്ചേഴ്സ് ബംഗളുരു വെറും ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ വിജയിച്ചത്. മറ്റുനാലെണ്ണത്തിലും ഏകപക്ഷീയമായി തോറ്റു. സീസണിൽ മത്സരങ്ങളേറെ ബാക്കിയുണ്ടെങ്കിലും ഇതേ പോക്കാണ് പോകുന്നതെങ്കിൽ പ്രതീക്ഷക്ക് ഒരു വകയുമില്ല.
കടലാസിൽ ആർ.സി.ബി ബാറ്റിങ് മുൻകാലങ്ങളിലേത് പോലെ കരുത്തുറ്റതാണ്. വിരാട് കോഹ്‍ലി, ഫാഫ് ഡുെപ്ലസിസ്, െഗ്ലൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, ദിനേശ് കാർത്തിക് എന്നിവരടങ്ങിയ ബാറ്റിങ് ഡിപ്പാർട്മെന്റ് ആരെയും പേടിപ്പിക്കാൻ പോന്നതാണ്. പക്ഷേ കളിക്കളത്തിൽ നനഞ്ഞപടക്കം പോലെയാണ് ഇവരുടെ പെർഫോമൻസ്. വിരാട് തന്റേതായ ശൈലിയിൽ റൺസ് അടിച്ചുകൂട്ടുന്നുണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ അത് ആർ.സി.ബിയെ രക്ഷിക്കുന്നില്ല. വിരാടിന്റെ മെല്ലെപ്പോക്ക് ടീമിന് വിനയാകുന്നുവെന്ന വാദങ്ങളും ചിലർ ഉയർത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള െഗ്ലൻ മാക്സ്വെൽ ആർ.സി.ബി ജഴ്സിയിൽ ദുരന്തമെന്ന് വിളിക്കാവുന്ന പെർഫോമൻസാണ് നടത്തുന്നത്. ക്യാപ്റ്റൻ ഫാഫ് ഡുെപ്ലസി നായകനെന്ന നിലയിലുള്ള ഉത്തരവാദിത്തം ഒട്ടുമേ കാണിക്കുന്നില്ല. പൊന്നും വിലക്ക് വലിയ പ്രതീക്ഷയിൽ എത്തിച്ച കാമറൂൺ ഗ്രീൻ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
എന്നാൽ എല്ലാവർഷത്തെയുംപോലെ ബൗളിങ് ഡിപ്പാർട്മെന്റിലാണ് ഇതിനേക്കാൾ വലിയ പ്രശ്നങ്ങളുള്ളത്. ബൗളർമാരിൽ തമ്മിൽ ഭേദമെന്ന് വിളിക്കാവുന്ന മുഹമ്മദ് സിറാജ് ഒട്ടും ഫോമിലേക്ക് ഉയരാനാകാത്തത് ടീമിനെ ആടിയുലക്കുന്നു. ലേലത്തിൽ 11.5 കോടി നൽകി ടീമിലെത്തിച്ച അൽസാരി ജോസഫ് നന്നായി തല്ലുവാങ്ങുന്നതിനാൽ 3 മത്സരങ്ങൾക്ക് ശേഷം പുറത്തിരുത്തേണ്ടി വന്നു. ഇംഗ്ലീഷ് താരം റീസ് ടോപ്ലിക്കാണ് പകരം ചുമതല. കൊള്ളാവുന്ന ഒരു ഇന്ത്യൻ പേസറെ ഇനിയും കണ്ടെത്താനും പന്തെറിയിക്കാനും ആർ.സി.ബി മാനേജ്മെന്റിനായിട്ടില്ല. നിലവിൽ ടീമിലുള്ള യാഷ് ദയാലിന് ഒരു വിശ്വസ്ത പേസറായി ഇനിയും മാറാനായിട്ടില്ല. സ്പിൻ ഡിപ്പാർട്മെന്റിന്റെ കാര്യം പറയാതിരിക്കുന്നതാകും ഭേദം. 2021ൽ റിലീസ് ചെയ്ത യുസ്വേന്ദ്ര ചഹലിന് പകരക്കാരനെ കണ്ടെത്തുന്നതിൽ ആർ.സി.ബി മാനേജ്മെന്റ് പരാജയമാണ്. ഈ സീസണിലും പോയ സീസണിലുകളിലും ഉജ്ജ്വലമായി പന്തെറിയുന്ന ചഹലിനെക്കാണുമ്പോൾ ആർ.സി.ബി മാനേജ്മെന്റ് നെറ്റി ചുളിക്കുന്നുണ്ടാകും. ശ്രീലങ്കക്കാരൻ ഹസരങ്ക ഭേദപ്പെട്ട പകരക്കാനായിരുന്നെങ്കിലും താരത്തിന് പരിക്ക് പറ്റിയത് ആർ.സി.ബിക്ക് വമ്പൻ തിരിച്ചടിയായി. സീസണിൽ ഇതുവരെ ആർ.സി.ബി പരീക്ഷിച്ച മായങ്ക് ഡാഗറും ഹിമാൻശു ശർമയും വലിയ തോൽവികളാണ്. ഇടക്ക് പന്തെടുക്കുന്ന െഗ്ലൻ മാക്സ് വെല്ലാണ് പലപ്പോഴും സ്പിന്നറുടെ വിടവ് നികത്തുന്നത്.
ഇതിനെല്ലാം പുറമേ നായകൻ ഫാഫ് ഡുെപ്ലസിസിന്റെ തീരുമാനങ്ങളും ഇംപാക്ട് െപ്ലയറിനെ തെരഞ്ഞെടുക്കലുമെല്ലാം ആർ.സി.ബിക്ക് വിനയാകുന്നുണ്ട്. ദിനേശ് കാർത്തിക്, മഹിപാൽ ലോംറർ, അനുജ് റാവത്ത് എന്നിവർ ചേർന്ന ഡീപ്പ് ഓർഡർ മുൻ വർഷങ്ങളേക്കാൾ മെച്ചപ്പെട്ടതാണ് എന്നത് മാത്രമാണ് ആർ.സി.ബിക്ക് ആശ്വസിക്കാനുള്ള ഘടകം. ആർ.സി.ബിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏതാണ്ട് എല്ലാ വർഷങ്ങളിലും ഒരേ പ്രശ്നങ്ങളാണ് ആവർത്തിക്കുന്നത് എന്ന് കാണാം. പ്രത്യേകിച്ചും ബൗളിങ് ഡിപ്പാർട്മെന്റിന്റെ കാര്യത്തിൽ. എന്നാൽ താരലേലം മുതൽ അബദ്ധങ്ങൾ കാണിച്ചുകൂട്ടുന്ന ടീം മാനേജ്മെന്റ് ഓരോ സീസണിലും ആരാധകരെ നിരാശരാക്കുന്നു. ഏത് തോൽവിയിലും ചിന്നസ്വാമിയിൽ ഇരച്ചെത്തി ആർ.സി.ബിക്കായി ആർത്തുവിളിക്കുന്ന ആരാധകർ തീർച്ചയായും ഇതിനേക്കാൾ മികച്ച ഒരു മാനേജ്മെന്റിനെ അർഹിക്കുന്നുണ്ട്.
Adjust Story Font
16