'സന്തോഷമേയുള്ളൂ, ഫോം തുടരട്ടെ': ഗില്ലിനെക്കുറിച്ച് രോഹിത്, ലക്ഷ്യം രണ്ട് ഐ.സി.സി കിരീടങ്ങൾ
മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഗിൽ സീസണിലുടനീളം മിന്നും ഫോമിലാണ്
രോഹിത് ശര്‍മ്മ-ശുഭ്മാന്‍ ഗില്‍
അഹമ്മദാബാദ്: മുംബൈ ഇന്ത്യൻസിന്റെ ഫൈനൽ പ്രതീക്ഷകളത്രയും തല്ലിക്കെടുത്തിയത് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലായിരുന്നു. മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഗിൽ സീസണിലുടനീളം മിന്നും ഫോമിലാണ്. എന്നാൽ ഗില്ലിന്റെ ഈ ഫോമിൽ തന്നെയാണ് രോഹിത് ശർമ്മയും കണ്ണുവെക്കുന്നത്. ഗിൽ ഫോം തുടരട്ടെ എന്ന ആഗ്രഹം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
വരാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലാണ് രോഹിത് ശർമ്മ കണ്ണുവെക്കുന്നത്. രണ്ടും ഈ വർഷമാണ്. ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പും പിന്നാലെയാണ് ഏകദിനലോകകപ്പും. ഈ രണ്ട് ടൂർണമെന്റുകളിലും ഗിൽ അനിവാര്യ സാന്നിധ്യമാണ്. ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെന്ന് എന്നതും രോഹിതിന് ഇരട്ടിസന്തോഷം നൽകുന്നുണ്ട്. അതേസമയം മത്സരത്തിൽ മിന്നൽപ്രകടനം കാഴ്ചവെച്ച ഗിൽ, 129 റൺസ് നേടാൻ എടുത്തത് വെറും 60 പന്തുകൾ മാത്രം. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ഗുജറാത്ത് ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നിലനിർത്തണമെങ്കിൽ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിനെ ഏറെ ആശ്രയിക്കണമെന്ന് വ്യക്തം.
''ശുഭ്മാൻ നന്നായി ബാറ്റ് ചെയ്തു, 20-25 അധികം റൺസ് അവർ നേടി. മത്സരത്തിന്റെ പകുതി പിന്നിട്ടപ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഗിൽ എല്ലാം മാറ്റിമറിച്ചു. ക്രെഡിറ്റ് അദ്ദേഹത്തിന് നൽകുകയാണ്. ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ''- രോഹിത് പറഞ്ഞു. സൂര്യകുമാർ യാദവിന്റെയും കാമറൂൺ ഗ്രീനിന്റെയും കൂട്ടുകെട്ടിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലും ചേസിങിൽ പവർപ്ലേയിൽ തന്നെ താളം നഷ്ടപ്പെട്ടിരുന്നു- രോഹിത് ശർമ്മ കൂട്ടിച്ചേര്‍ത്തു.
20 ഓവറിൽ 233 എന്ന കൂറ്റൻ സ്‌കോറാണ് മുംബൈ അടിച്ചെടുത്തത്. ഗില്ലിന് പുറമെ സായ് സുദർശൻ(31 പന്തിൽ 43) ഹാർദിക് പാണ്ഡ്യ(13 പന്തിൽ 28) എന്നിവരും തിളങ്ങി. എന്നാൽ മുംബൈ നിരയിൽ പിടിച്ചുനിന്നത് 61 റൺസ് നേടിയ സൂര്യകുമാർ യാദവ്. 14 പന്തുകളിൽ അഞ്ച് ഫോറും മൂന്ന് സിക്‌സറുമായി തിലക് വർമ്മ കത്തിക്കയറിയെങ്കിലും പിന്തുണകൊടുക്കാൻ ആളില്ലാതെ പോയി. ഗുജറാത്തിനായി 2.2 ഓവറിൽ വെറും പത്ത് റൺസ് മാത്രംവിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ്മയുടെ പ്രകടനവും ശ്രദ്ധേയമായി.
Adjust Story Font
16