ആരും കാണാത്തൊരു 'വിടവ്' കണ്ടെത്തി മെസിയുടെ നീക്കം; പിന്നെ ഗോളും, അമ്പരന്ന് ആരാധകർ
പകരക്കാരനായി ഇറങ്ങിയാണ് മെസി മാജിക് ഗോൾ കണ്ടെത്തിയത്
ന്യൂയോർക്ക്: മേജര്‍ ലീഗ് സോക്കറിലെ(എം.എൽ.എസ്) ആദ്യ മത്സരത്തിൽ എല്ലാവരെയും അമ്പരപ്പിച്ച നീക്കമായിരുന്നു സൂപ്പർതാരം ലയണൽ മെസിയുടേത്. ഇന്റർ മയാമിക്കായി ലീഗ്‌സ് കപ്പ് കിരീടം നേടിക്കൊടുത്ത മെസി, എം.എൽ.എസിലെ ആദ്യ മത്സരത്തിനിറങ്ങിയത് പകരക്കാരന്റെ റോളിൽ.
ന്യൂയോർക്ക് റെഡ്ബുൾസിനെതിരായ മത്സരത്തിൽ മെസി ആദ്യ ഇലവനിൽ ഇല്ലെന്ന് അറിഞ്ഞതോടെ നിരാശയായിരുന്നു ആരാധകരുടെ മുഖത്ത്. തിങ്ങിനിറഞ്ഞ ഗ്യാലറി മെസിക്കായി ആരവം മുഴക്കി. വൻ വില കൊടുത്ത് ടിക്കറ്റ് വാങ്ങിയവരെല്ലാം സങ്കടപ്പെട്ടിരിക്കെ 60ാം മിനുറ്റിലാണ് മെസി എത്തുന്നത്. പിന്നാലെ 89ാം മിനുറ്റിൽ മെസിയുടെ ഒരു മാജിക് ഗോളും. ഈ ഗോളാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം ഭരിക്കുന്നത്.
ബാഴ്‌സലോണയിൽ മെസിയുടെ സഹതാരം ആയിരുന്ന സെർജിയോ ബുസ്‌ക്കറ്റസ് ആണ് ഗോളിന് തുടക്കമിടുന്നത്. ബുസ്‌കറ്റസ് ബോക്‌സിലേക്ക് നൽകിയ പന്ത് അക്രോബാറ്റിക് ഡ്രൈവിലൂടെ മെസിയിലേക്ക് മറിച്ചത് ജോര്‍ഡി ആല്‍ബ. പന്ത് ബോക്‌സിലേക്ക് തൊടുക്കാന്‍ പാകപ്പെടുത്തുന്നതിനിടെ റെഡ്ബുൾ പ്രതിരോധം മെസിയെ വളയുന്നു.
എന്നാൽ ഡിഫൻഡർമാര്‍ക്കിടയിലൂടെ ആരും കാണാത്തൊരു വിടവ് കണ്ടെത്തി മെസി പന്ത് നീക്കുന്നു. സഹതാരം ബെഞ്ചമിൻ ക്രമാച്ചിയുടെ മുന്നേറ്റം ഈ പന്തിലേക്ക്. ബെഞ്ചമിൻ ഷോട്ട് ഉതിർക്കുമെന്ന് കരുതിയവർക്ക് തെറ്റി. താരം മെസിക്ക് തന്നെ മറിക്കുന്നു. ബെഞ്ചമിന്റെ നീക്കം മുന്നില്‍കണ്ടുള്ള മെസിയുടെ പെര്‍ഫക്ട് റണ്‍ ബോക്സിനടുത്തേക്ക്. ഈ സമയം മെസിയെ മാർക്ക് ചെയ്യാൻ റെഡ്ബുൾ താരങ്ങളാരും ഉണ്ടായിരുന്നില്ല. മെസിയുടെ അതിസുന്ദര ഫിനിഷിങിൽ പന്ത് പോസ്റ്റിന്റെ വലത് മൂലയിൽ. അതോടെ 2-0ത്തിന്റെ തകർപ്പൻ ജയം.
മയാമിയിൽ ചേർന്നതിന് ശേഷം ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്നുമായി മെസിയുടെ പതിനൊന്നാമത് ഗോളായിരുന്നു അത്. മേജർ ലീഗിൽ ആദ്യത്തേതും. മത്സരത്തിലെ ആദ്യഗോൾ പിറന്നത് 37ാം മിനുറ്റിലായിരുന്നു. ഡിയാഗോ ഗോമസ് ആണ് ഈ ഗോൾ നേടിയത്. അതേസമയം മേജർ ലീഗ് സോക്കറിലെ പോയിന്റ് ടേബിളില്‍ ഏറ്റവും അടിയിലുള്ള ഇന്റർമയാമിക്ക് ഈ വിജയം ഉർജമായി. ഈസ്റ്റേൺ പ്രൊവിൻസിലാണ് മയാമിയുള്ളത്. ഈ പ്രൊവിൻസിൽ നിന്ന് പ്ലേഓഫ് ഉറപ്പിക്കാൻ ഇനിയും വിജയം വേണം, പതിനൊന്ന് മത്സരങ്ങൾ ബാക്കിയുണ്ട്.
Watch Messi Magic Goal
Adjust Story Font
16