'ഓവലിൽ മഴ പെയ്യുമോ, പിച്ച് ആരെ തുണക്കും': കാലാവസ്ഥാ റിപ്പോർട്ട് ഇങ്ങനെ...
പിച്ച് വരണ്ടതാവാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കാനിടയുണ്ട്.
ഓവൽ സ്‌റ്റേഡിയം
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാലാവസ്ഥ വലിയ സ്വാധീനം സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം. എന്നാല്‍ കളി പൂര്‍ണമായും മഴ മുടക്കുന്ന രീതിയിലാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ വേനല്‍ കാലത്തിന്‍റെ തുടക്കമാണ് ജൂണ്‍. ഈ മാസം 7നാണ് മത്സരം ആരംഭിക്കുന്നത്.
18 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും പകല്‍ താപനില. പിച്ച് വരണ്ടതാവാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കാനിടയുണ്ട്. ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും ഓവലിലെ കാലാവസ്ഥ. പത്താം തിയതി ശനിയാഴ്‌ച ഇവിടെ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ നേരിയ കാറ്റിനുള്ള സാധ്യത അഞ്ച് ദിവസങ്ങളിലാകെ പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ സ്വിങ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കാനിടയുണ്ട്.
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. അന്ന് തോൽക്കാനായിരുന്നു വിധി. ഒരുവർഷത്തിനിപ്പുറം വീണ്ടും ഫൈനലിനൊരുങ്ങുമ്പോൾ കിരീടം തന്നെയാണ് രോഹിത് ശർമ്മയും കൂട്ടരും ലക്ഷ്യമിടുന്നത്. അജിങ്ക്യ രഹാനെ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിങിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. മറുപുറത്ത് ആസ്‌ട്രേലിയയും മോശക്കാരല്ല.
അതേസമയം ആസ്ട്രേലിയക്ക് വന്‍തിരിച്ചടിയായി പരിക്കേറ്റ സ്റ്റാർ പേസ് ബൗളർ ജോഷ് ഹേസില്‍ വുഡ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി. ഓൾറൗണ്ടർ മൈക്കിള്‍ നെസര്‍ ആണ് പകരക്കാരന്‍. അതേസമയം നെസറിന് അന്തിമ ഇലവനിൽ ഇടം നേടാനാകുമോ എന്ന് വ്യക്തമല്ല. സ്‌കോട്ട്‌ബോളൻഡ് പകരക്കാരനായേക്കും.
Adjust Story Font
16