Quantcast

'ആ രണ്ട് വിക്കറ്റിനിടയിൽ ഒരുപാട് കാര്യങ്ങൾ നടന്നു': അശ്വിന്റെ യാത്രയെ പറ്റി കുറിപ്പുമായി ഭാര്യ പ്രീതി

500നും 501നുമിടയിലെ 48 മണിക്കൂറില്‍ തങ്ങളുടെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ സംഭവിച്ചെന്നും പ്രീതി പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2024-02-19 13:51:29.0

Published:

19 Feb 2024 1:48 PM GMT

ആ രണ്ട് വിക്കറ്റിനിടയിൽ ഒരുപാട് കാര്യങ്ങൾ നടന്നു: അശ്വിന്റെ യാത്രയെ പറ്റി കുറിപ്പുമായി ഭാര്യ പ്രീതി
X

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ക്രിക്കറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായെ ഇത്തരത്തില്‍ കളിച്ചുകൊണ്ടിരിക്കെ കളിക്കാരന്‍ നാട്ടിലേക്ക് മടങ്ങാറുള്ളൂ. ഐ.സി.സിയുടെ നിയമം അതിന് അനുവദിക്കുന്നുമുണ്ട്. താരത്തിന്റ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടായിരുന്നു കളിക്കിടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

മത്സരത്തിന്റെ നാലാം ദിനം അദ്ദേഹം മടങ്ങിയെത്തുകയും ചെയ്തു. പിന്നാലെ പന്തെറിഞ്ഞ താരം ഒരു വിക്കറ്റും വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടംകൊയ്ത ദിവസം തന്നെയായിരുന്നു അശ്വിന്റെ മടക്കം. അശ്വിന്റെ 500-501 വിക്കറ്റുകള്‍ക്കിടയില്‍ ഒട്ടേറെ കാര്യങ്ങളാണ് സംഭവിച്ചതെന്ന അശ്വിന്റെ ഭാര്യ പ്രീതിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 500നും 501നുമിടയിലെ 48 മണിക്കൂറില്‍ തങ്ങളുടെ ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ സംഭവിച്ചെന്നും പ്രീതി പറയുന്നു.

അശ്വിന്‍ ഹൈദരാബാദ് ടെസ്റ്റില്‍ 500 തികയ്ക്കുമെന്ന് കരുതി. അതുണ്ടായില്ല. പിന്നീട് വിശാഖപട്ടണത്ത് അതുണ്ടാവുമെന്ന് കരുതി. അവിടെയും അത് സംഭവിച്ചില്ല. അതോടെ 499-ല്‍ത്തന്നെ നൂറ് മിഠായി വാങ്ങി വീട്ടിലെ എല്ലാവര്‍ക്കും നല്‍കിയെന്നാണ് ഭാര്യ പ്രീതിയുടെ പോസ്റ്റ്. പിന്നീട് 500 വിക്കറ്റിലെത്തിയപ്പോള്‍ അത് ശാന്തമായി കഴിഞ്ഞുപോയി. 500-നും 501-നുമിടയിലുള്ള നീണ്ട 48 മണിക്കൂറില്‍ തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നും പോസ്റ്റിലുണ്ട്.

രാജ്‌കോട്ട് ടെസ്റ്റിനിടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ മത്സരത്തില്‍ നിന്നും പിന്മാറി നാട്ടിലേക്ക് തിരിച്ചത്. ഈ സമയത്ത് ടെസ്റ്റില്‍ അഞ്ഞൂറ് വിക്കറ്റ് എന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു. നാലാംദിനം ചായക്കുശേഷം ടീമിലെത്തിയ താരം ആറ് ഓവര്‍ എറിഞ്ഞ് 19 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ടോം ഹാര്‍ട്ട്‌ലിയെയാണ് അശ്വിന്‍ മടക്കിയത്. ഇതോടെ വിക്കറ്റ് നേട്ടം 501 ആയി.

അശ്വിന്‍ തന്റെ കുടുംബത്തിന് പ്രാധാന്യം നല്‍കി എന്നത് പ്രശംസനീയമാണെന്നാണ് മത്സരശേഷം നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയത്. അവന് കുടുംബത്തിനൊപ്പം ചേരേണ്ടത് പ്രധാനമായിരുന്നു. ശരിയായ തീരുമാനമായിരുന്നു അത്. ഞങ്ങള്‍ അവനെ മിസ് ചെയ്തു. പക്ഷേ അവന്‍ ടീമിനൊപ്പം തിരിച്ചെത്തുകയും മികവ് പ്രകടിപ്പിക്കുകയും ചെയ്തു- ഇങ്ങനെയായിരുന്നു രോഹിതിന്റെ വാക്കുകള്‍.

ലോകക്രിക്കറ്റിലെ തന്നെ നിലവിലുള്ള സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് രവിചന്ദ്ര അശ്വിന്‍. രാജ്കോട്ടിലെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 വിക്കറ്റ് ക്ലബിലെത്തിയത്. ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. ഇതിന് മുന്നേ ഇതിഹാസതാരം അനില്‍ കുംബ്ലേയാണ് ഇന്ത്യയ്ക്കായി 500 വിക്കറ്റുകള്‍ തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളര്‍ കൂടിയാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, കുംബ്ലേ, നേതന്‍ ലിയോണ്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റു സ്പിന്നര്‍മാര്‍. 800 വിക്കറ്റുമായി മുത്തയ്യയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍.

TAGS :

Next Story