Quantcast

നെതർലൻഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ നിന്ന് പുറത്ത്; ഇന്ത്യ സെമിയിൽ

13 റൺസിനാണ് നെതർലൻഡ്‌സ് വിജയിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-11-06 05:37:47.0

Published:

6 Nov 2022 3:23 AM GMT

നെതർലൻഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ നിന്ന് പുറത്ത്; ഇന്ത്യ സെമിയിൽ
X

അഡലൈഡ്: നിർണായക മത്സരത്തിൽ നെതർലൻഡസിനോട് തോറ്റ് ടി20 ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമിഫൈനലിൽ. 13 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ സെമി മോഹം പൊലിഞ്ഞത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്ത് 158 റൺസ് അടിച്ചെടുത്തതോടെ വിജയം അനിവാര്യമായ ദക്ഷിണാഫ്രിക്കൻ ടീം സമ്മർദ്ദത്തിലായിരുന്നു. 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ബാറ്റർമാരിലൊരാൾക്കും പിടിച്ച് നിൽക്കാനാകാതിരുന്നതോടെ പ്രധാന ടൂർണമെൻറുകളിൽ മുന്നേറാൻ കഴിയാത്ത പതിവ് ദൗർഭാഗ്യത്തിന് ഇക്കുറിയും ദക്ഷിണാഫ്രിക്ക വഴങ്ങുകയായിരുന്നു.

25 റൺസ് നേടിയ റിലീ റൂസ്സോയാണ് ദക്ഷിണാഫ്രിക്കയുടെ ഉയർന്ന സ്‌കോർ നേടിയ ബാറ്റർ. ബാവുമ, ഹെൻട്രിച്ച് ക്ലാസൻ എന്നിവർ മാത്രമാണ് റൂസ്സോക്ക് പുറമേ 20 കടന്നത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാൻഡൻ ഗ്ലോവറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഫ്രെഡ് ക്ലാസ്സനും ബാസ് ഡെ ലീഡിയുമാണ് ദക്ഷിണാഫ്രിക്കയുടെ സെമി സ്വപ്‌നം തകർത്തത്. പോൾ വാൻ മീകേരൻ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിൽ 10 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിൽ തകർച്ച നേരിടുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് പേസർ ഫ്രെഡ് ക്ലാസൻ ഞെട്ടിച്ചു. 13 പന്തിൽ 13മായി റൺ കണ്ടെത്താൻ വിഷമിച്ച ക്വിന്റൻ ഡീകോക്കിനെ ക്ലാസൻ വിക്കറ്റ് കീപ്പർ സ്‌കോട്ട് എഡ്വാഡ്സിന്റെ കൈയിലെത്തിച്ചു. പവർപ്ലേയിലെ അവസാന ഓവറിൽ നായകൻ തെംബ ബാവുമയും പുറത്ത്. 20 പന്തിൽ 20 റൺസെടുത്ത് വാൻ മീകെരെന്റെ പന്തിൽ ബൗൾഡായാണ് ബാവുമ മടങ്ങിയത്. മൂന്നാമനായെത്തി കരുതലോടെ തുടങ്ങിയ റിലി റൂസോയ്ക്കും അധികം ആയുസുണ്ടായില്ല. പത്താം ഓവറിൽ ബ്രൻഡൻ ഗ്ലോവറിന്റെ പന്തിൽ മാക്സ് ഒഡൗവ്ഡ് പിടിച്ച് റൂസോ പുറത്ത്. 19 പന്തിൽ രണ്ട് ഫോറുമായി 25 റൺസെടുത്താണ് താരം മടങ്ങിയത്.

നേരത്തെ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ നെതർലൻഡ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാൽ, ഡച്ച് പടയിൽ മുൻനിരയിൽ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതാണ് കണ്ടത്. ഓപണർമാരായ സ്റ്റീഫൻ മൈബർഗും മാക്സ് ഒഡൗവ്ഡും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 58 റൺസ് കൂട്ടിച്ചേർത്ത് ഒൻപതാം ഓവറിലാണ് ഓപണിങ് കൂട്ടുകെട്ട് പിരിയുന്നത്. പാർട്ടൈം ബൗളർ ഐഡൻ മാർക്രാമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ത്രൂ നൽകിയത്. മാർക്രാമിന്റെ പന്തിൽ റിലീ റൂസോയ്ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 37 റൺസായിരുന്നു മൈബർഗ് അടിച്ചെടുത്തിരുന്നത്.

12-ാം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ കഗിസോ റബാദയ്ക്ക് ക്യാച്ച് നൽകി ഒഡൗവ്ഡും മടങ്ങി. ഒരു സിക്സും ഫോറും സഹിതം 29 റൺസെടുത്താണ് താരം പുറത്തായത്. പിന്നീടാണ് മൂന്നാം വിക്കറ്റിൽ ടോം കൂപ്പറും കോളിൻ അക്കർമാനും ഒന്നിക്കുന്നത്. രണ്ടുപേരും ഒരു ദയയുമില്ലാതെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചുപറത്തുകയായിരുന്നു. ഒടുവിൽ 15-ാം ഓവർ വീണ്ടും കേശവ് മഹാരാജിന്റെ ബ്രേക്ത്രൂ. 19 പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 35 റൺസ് അടിച്ചെടുത്താണ് താരം വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങിയത്.എന്നാൽ, അക്കർമാൻ നിർത്തിയില്ല. ആന്റിച്ച് നോർക്കിയയെയും കേശവിനെയും ബഹുമാനിച്ച് മറ്റുള്ള ബൗളർമാരെ തിരഞ്ഞുപിടിച്ചു തല്ലുകയായിരുന്നു താരം. ഡെത്ത് ഓവറുകളിൽ അടിച്ചുകളിച്ച് അക്കർമാൻ ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയും ചെയ്തു. 26 പന്തിൽ മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 41 റൺസെടുത്ത അക്കർമാൻ പുറത്താകാതെ നിന്നു.

lost to the Netherlands; South Africa out of T20 World Cup

TAGS :

Next Story