Quantcast

ലഖ്നൗവിനെ 82 റൺസിന് എറിഞ്ഞിട്ട് ബോളർമാർ; ആദ്യ സീസണിൽ പ്ലോഓഫിൽ ആദ്യമെത്തി ഗുജറാത്ത്

അത്ര വലുതല്ലാത്ത ടോട്ടൽ ലഖ്‌നൗ മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റാഷിദ് ഖാനും സംഘവും അവരെ കേവലം 82 റൺസിൽ ചുരുട്ടിക്കൂട്ടി

MediaOne Logo

Sports Desk

  • Updated:

    2022-05-10 19:28:12.0

Published:

10 May 2022 3:45 PM GMT

ലഖ്നൗവിനെ 82 റൺസിന് എറിഞ്ഞിട്ട് ബോളർമാർ; ആദ്യ സീസണിൽ പ്ലോഓഫിൽ ആദ്യമെത്തി ഗുജറാത്ത്
X

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ സീസണിൽ തന്നെ പ്ലേഓഫിൽ ആദ്യമെത്തി ഗുജറാത്ത് ടൈറ്റൻസ്. ബോളർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതോടെയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 62 റൺസിന് ഹാർദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ചത്. പ്ലേഓഫ് ഉറപ്പിക്കാനുള്ള മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് 145 റൺസ് വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റൻസ് മുമ്പിൽ വെച്ചിരുന്നത്.


അത്ര വലുതല്ലാത്ത ടോട്ടൽ ലഖ്‌നൗ മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റാഷിദ് ഖാനും സംഘവും അവരെ കേവലം 82 റൺസിൽ ചുരുട്ടിക്കൂട്ടി. 3.5 ഓവറിൽ 24 റൺസ് വിട്ടു നൽകി നാലു വിക്കറ്റാണ് റാഷിദ് ഖാൻ വീഴ്ത്തിയത്. രണ്ടു ഓവിൽ ഏഴു റൺസ് വിട്ടു നൽകി രവി ശ്രീനിവാസൻ സായ് കിഷോറും 24 റൺസ് വിട്ടു നൽകി യാഷ് ദയാലും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മൊഹമ്മദ് ഷമി, ഒരു വിക്കറ്റും വീഴ്ത്തി. 27 റൺസ് നേടിയ ദീപക് ഹൂഡയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. ഡിക്കോക്കും (11) ആവേശ് ഖാനും(12) മാത്രമാണ് ഹൂഡക്ക് പുറമേ രണ്ടക്കം കണ്ടത്.



ഓപ്പണറും ക്യാപ്റ്റനുമായ കെ.എൽ രാഹുൽ എട്ടു റൺസെടുത്ത് ഷമിക്ക് മുമ്പിൽ കീഴടങ്ങി. വൃദ്ധിമാൻ സാഹക്ക് ക്യാച്ച് നൽകുകയായിരുന്നു. വൺഡൗണായെത്തിയ ഹൂഡ മൂന്നു ഫോറടിച്ച് റാഷിദ് ഖാന്റെ പന്തിൽ ഷമിക്ക് ക്യാച്ച് നൽകി. പിന്നീടെത്തിയ കരൺ ശർമ നാലും ക്രുണാൽ പാണ്ഡ്യ അഞ്ചും റൺസ് നേടി പുറത്തായി. ശർമ യാഷ് ദയാലിനും പാണ്ഡ്യ റാഷിദ് ഖാനും വിക്കറ്റ് നൽകി. ബദോനി എട്ടും സ്‌റ്റോണിസ് രണ്ടും റൺസ് നേടി തിരിച്ചുനടന്നു. ജാസൺ ഹോൾഡറും മൊഹ്‌സിനും ഖാനും ഒരു റൺ മാത്രം സംഭാവന നൽകി പരാജയം സമ്മതിച്ചു.



ഗുജറാത്തിനായി അർധസെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലി(49 പന്തിൽ 63)ന്റെ പ്രകടനമാണ് ടീം സ്‌കോറിൽ നിർണായകമായത്. പത്തു റൺസ് നേടിയിരിക്കെ ദീപക് ഹൂഡ ക്യാച്ച് വിട്ട് നൽകിയ ലൈഫുമായി തേവാട്ടിയ 22 റൺസ് നേടി.മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിന് അത്ര മെച്ചപ്പെട്ട പ്രകടനമല്ല ഇതര ബാറ്റർമാർ നൽകിയത്. ഓപ്പണറായ വൃദ്ധിമാൻ സാഹ കേവലം അഞ്ചു റൺസ് മാത്രം നേടി പവലിയനിലേക്ക് തിരിഞ്ഞുനടന്നു. മൊഹ്സിൻ ഖാന്റെ പന്തിൽ ആവേശ് ഖാൻ ക്യാച്ചെടുക്കുകയായിരുന്നു. റൺഡൗണായെത്തിയ മാത്യൂ വൈഡ് 10 റൺസ് കൂട്ടിച്ചേർത്ത് ആവേശ് ഖാന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡീകോക്കിന് പിടികൊടുത്തു. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും തിളങ്ങാനായില്ല. 13 പന്തിൽ 11 റൺസ് നേടി ആവേശ് ഖാന് തന്നെ വിക്കറ്റ് നൽകി. ക്യാച്ചെടുത്തത് ഡീകോക്ക് തന്നെ. പിന്നീടെത്തിയ ഡേവിഡ് മില്ലർ ഒരു ഫോറും ഒരു സിക്സുമടിച്ച് ഫോമിലെത്തുമെന്ന് തോന്നിച്ചെങ്കിലും ജാസൺ ഹോൾഡറുടെ പന്തിൽ ആയുഷ് ബദോനി ക്യാച്ച് നൽകി.

Lucknow Super Giants have 144 runs to reach the playoffs

TAGS :

Next Story