ടി20 കപ്പ് എടുത്ത് ഇംഗ്ലണ്ട്, ഏഷ്യാകപ്പിൽ ശ്രീലങ്കൻ മുത്തം: 2022 വിട പറയുമ്പോൾ....
ടി20യില്‍ അവസാന പന്ത് വരെ നീണ്ട് ഇന്ത്യ-പാക് മത്സവും അതിലെ വിജയവും ഇന്ത്യന്‍ ക്രിക്കറ്റിന് എന്നും ഓര്‍മിക്കാനുള്ളതായി
ന്യൂഡല്‍ഹി: ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായൊരു വർഷമല്ല കടന്നുപോകുന്നതെങ്കിലും ഓർമിക്കാനും വേദനിപ്പിക്കാനുമുള്ള ഒത്തിരി മുഹൂര്‍ത്തങ്ങൾ ഈ പന്ത്രണ്ട് മാസക്കാലയളവിൽ സംഭവിച്ചിട്ടുണ്ട്. ടി20 ലോകകപ്പായിരുന്നു 2022ലെ പ്രധാന ആകര്‍ഷണം. ഷെയിന്‍വോണ്‍, ആന്‍ഡ്രൂ സൈമണ്ട്സ്, റോഡ് മാര്‍ഷ് എന്നിവരുടെ വേര്‍പ്പാട് കണ്ണീരിലാഴ്ത്തിയപ്പോള്‍ ശ്രീലങ്കയുടെ തിരിച്ചുവരവ് ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിച്ചു. ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങള്‍ ആരാധകരെ ത്രില്ലടിപ്പിച്ചു.
മാറ്റം ക്രിക്കറ്റിലും സംഭവിക്കുന്നുണ്ട്.എല്ലാവരും പരമ്പരയില്‍ ടി20 മത്സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിച്ചു. അതേസമയം ഇന്ത്യ മറക്കാനാഗ്രഹിക്കുന്നൊരു വര്‍ഷമാണ് കടന്നുപോകുന്നത്. ഏഷ്യാകപ്പിലും ടി20 ലോകകപ്പിലും കപ്പ് എടുക്കാനായില്ല. ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ കണ്ണംഞ്ചിപ്പിക്കുന്ന പ്രകടനം. ഐ.പി.എല്ലില്‍ തുടക്കക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട നേട്ടം, വിരാട് കോഹ്ലിയുടെ ഫോമും ഫോം ഔട്ടും തുടങ്ങിയവയൊക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സജീവമാക്കിയത്. എങ്ങനെയാണ് 2022, ക്രിക്കറ്റിനെ അടയാളപ്പെടുത്തിയതെന്ന് ചില സംഭവങ്ങളിലൂടെ വിശദീകരിക്കുകയാണ് ഇവിടെ....
1. 2022ൽ ഇന്ത്യൻ ക്രിക്കറ്റിന് എന്തുണ്ട്?
ഇന്ത്യന്‍ ടീമിനെ പ്രത്യേകം പരാമര്‍ശിക്കാതെ ക്രിക്കറ്റിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകില്ല. ക്രിക്കറ്റിന്റെ ഓരോ സ്പന്ദനങ്ങളും സസൂക്ഷ്മം വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നൊരു ആരാധകകൂട്ടം ഇവിടെയുണ്ട്. ആ, ആരാധകരെ നിരാശപ്പെടുത്തിയ വര്‍ഷമായിരുന്നു 2022. ദ്വിരാഷ്ട്ര പരമ്പരകളിലെ നേട്ടമൊഴികെ എടുത്തുകാണിക്കാനൊന്നും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ല.
ഏഷ്യാകപ്പിലും ടി20 ലോകകപ്പിനും ഇന്ത്യ കപ്പിനടത്തുവെച്ച് വീണു. ഏഷ്യാകപ്പിലേത് ഇന്ത്യയുടെത് ദയനീയ പ്രകടനമായിരുന്നു. മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ഫോര്‍ അവസാനിപ്പിച്ചത്. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ടി20 ലോകകപ്പില്‍ വീറോടെ തിരിച്ചുവരാമെന്ന പ്രതീക്ഷകള്‍ക്കും സെമി വരെ ആയുസുണ്ടായിരുന്നുള്ളൂ. അവിടെ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് ഇന്ത്യന്‍ ടീമിന് നേരെ പാഞ്ഞെത്തിയത്. എന്നാല്‍ ആവേശം അവസാന പന്ത് വരെ നീണ്ട് ഇന്ത്യ-പാക് മത്സവും അതിലെ വിജയവും ഇന്ത്യന്‍ ക്രിക്കറ്റിന് എന്നും ഓര്‍മിക്കാനുള്ളതായി.
ടി20യില്‍ ഇന്ത്യയുടെ കളിശൈലി തന്നെ പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തമായി. ലോകകപ്പ് തോല്‍വിയിലും സൂര്യകുമാര്‍ യാദവിന്റെ പ്രകടനം കയ്യടിനേടി. ഫോമില്ലാതെ നില്‍ക്കുകയായിരുന്ന കോഹ്ലിയുടെ തിരിച്ചുവരവിനും ടി20 സാക്ഷിയായി. കോഹ്‌ലിയുടെ പടിയിറക്കത്തോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മ നായകനായാണ് 2022 ഇന്ത്യ തുടങ്ങിയത് തന്നെ. അതേസമയം ക്രിക്കറ്റിന്റെ തലപ്പത്തും മാറ്റങ്ങള്‍ വന്നു. ഗാംഗുലി മാറിയതും പുതിയെ സെലക്ഷന്‍ കമ്മിറ്റി വന്നതുമൊക്കെ ഈ വര്‍ഷത്തെ ശ്രദ്ധേയമാക്കി. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിലേക്ക് അടുപ്പിച്ചാണ് ഇന്ത്യ ഈ വര്‍ഷം അവസാനിപ്പിക്കുന്നത്.
2. കന്നിപ്പോരില്‍ കന്നിക്കിരീടവുമായി ഗുജറാത്ത് ടൈറ്റന്‍സ്
പതിനഞ്ചാം എഡിഷനില്‍ പത്ത് ടീമുകളാണ് ഐ.പി.എല്‍ കിരീടത്തിനായി മത്സരിച്ചത്. അതില്‍ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് തന്നെ കിരീടം നേടി എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിച്ച ടീമില്‍ വെടിക്കെട്ടുകാരോ അസൂയപ്പെടുത്തുന്നവരോ ആയ കളിക്കാരൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും മുംബൈയും ചെന്നൈയും എണ്ണംകൊണ്ട് പെരുമപറയുന്ന പൊന്നുംകിരീടം പാണ്ഡ്യ ഗുജറാത്തിലെത്തിച്ചു. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്റെ നേട്ടത്തോടാണ് പലരും ഗുജറാത്തിന്റെ കിരീടധാരണത്തെ ഉപമിച്ചത്. പേരും പെരുമയുമൊന്നുമില്ലെതായായിരുന്നു അന്ന് വോണും സംഘവും കിരീടമുയര്‍ത്തിയത്. എന്നാല്‍ ഫൈനലില്‍ പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ രാജസ്ഥാനായിരുന്നു എതിരാളി എന്നത് കൗതുകമായി. ഹാര്‍ദിക് പാണ്ഡ്യയിലെ നായകനെ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ കിരീട നേട്ടത്തോടെയാണ്. ഇന്ത്യയുടെ അടുത്ത ടി20 നായകന്‍ എന്ന നിലക്കാണ് ഹാര്‍ദികിനെ ഇപ്പോള്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ നയിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സായിരുന്നു പുതുതായി എത്തിയ മറ്റൊരു ടീം. നാലാം സ്ഥാനത്താണ് ലക്നൗ ഫിനിഷ് ചെയ്തത്.
3.ഏഷ്യാകപ്പും നേടി ശ്രീലങ്കയുടെ തിരിച്ചുവരവ്
പേരെടുത്ത ക്രിക്കറ്റര്‍മാരെല്ലാം കളിമതിയാക്കിയ ശേഷം ആരാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്ന ശ്രീലങ്കയുടെ ഗംഭീര തിരിച്ചുവരവായിരുന്നു 2022ലേത്. ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനും ഫൈനല്‍ കളിക്കുമെന്നായിരുന്നു ക്രിക്കറ്റിനെ വിലയിരുത്തിയവരെല്ലാം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യയേയും ഫൈനലില്‍ പാകിസ്താനെയും തോല്‍പിച്ച് ലങ്ക, മരിച്ചിട്ടില്ലെന്ന് തെളിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുകയായിരുന്ന ജനതക്ക് ആശ്വാസം നല്‍കുന്നതായിരുന്നു ആ വിജയം. അതിന് മുമ്പെ ലങ്ക തുടങ്ങിയിരുന്നു.
ജൂണില്‍ ആസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ലങ്ക നേിയത് 3-2ന്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1 എന്ന സമനിലയില്‍ അസാനിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങളുടെ നടുവില്‍ ശ്രീലങ്ക മുങ്ങിനില്‍ക്കെ ആസ്‌ട്രേലിയയുമായുള്ള ആ പരമ്പര അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ആസ്‌ട്രേലിയന്‍ ടീമിന് നന്ദി അര്‍പ്പിച്ചുള്ള ബാനറുകള്‍ സ്റ്റേഡയത്തില്‍ ഉയര്‍ന്നത് സ്‌നേഹക്കാഴ്ചയായി. എന്നാല്‍ ആ മികവ് ടി20 ലോകകപ്പിലേക്ക് കൊണ്ടുവരാന്‍ ശ്രീലങ്കയ്ക്കായില്ല. യോഗ്യത നേടി സൂപ്പര്‍ 12ലേക്ക് എത്തിയെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ടെണ്ണത്തില്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്.
4. ടി20 കിരീടവുമായി ഇംഗ്ലണ്ട്
ജോസ്ബട്ലറുടെ കീഴില്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് രണ്ടാമതും ഉയര്‍ത്തിയത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. ടീമിലെ പതിനൊന്ന് പേര്‍ക്കും ബാറ്റെടുക്കാ നറിയാമെന്നറിഞ്ഞിട്ടും നിര്‍ണായക നിമിഷങ്ങളില്‍ പതറുമെന്ന് കരുതിയാണ് ഇംഗ്ലണ്ടുകാരെ പലരും എഴുതിത്തള്ളിയിരുന്നത്. അയര്‍ലാന്‍ഡുമായുള്ളൊരു മത്സരം തോല്‍ക്കുക കൂടി ചെയ്തതോടെ വാതുവെപ്പുകാര്‍പോലും കൈവിട്ടു. എന്നാല്‍ അവര്‍ അവര്‍തിരിച്ചുവന്നു. സെമിയില്‍ ഇന്ത്യയെ നാണംകെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 168 എന്ന വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇംഗ്ലണ്ട് അടിച്ചെടുത്തു. കളി അവസാനിക്കുമ്പോള്‍ ഭേദിക്കാനാവാതെ ജോസ്ബട്ലറും (80) അലകസ് ഹെയില്‍സും(86) ക്രീസിലുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ കളി ശൈലിയും പ്രശംസിക്കപ്പെട്ടു. ടെസ്റ്റുകളില്‍പോലും ആക്രമണ ശൈലികൊണ്ടുവരുന്ന ഇംഗ്ലണ്ടിനെ മാതൃകയാക്കണമെന്ന് അഭിപ്രായങ്ങള്‍ക്കിടെയാണ് 2022 വിടവാങ്ങുന്നത്
5. ഷെയിന്‍ വോണ്‍, റോഡ് മാര്‍ഷ്, ആന്‍ഡ്രൂ സൈമണ്ട്‌സ്; നഷ്ടങ്ങളുടെതും
നേട്ടങ്ങള്‍ മാത്രമല്ല ചില നഷ്ടങ്ങളും 2022നെ വേദനിപ്പിച്ചു. ഷെയ്ന്‍ വോണ്‍, ആന്‍ഡ്രൂ സൈമണ്ട്സ്, റോഡ് മാര്‍ഷ് എന്നിവരുടെ വിയോഗമാണ് ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്ത്തിയത്. എല്ലാവരും ആസ്ട്രേലിയക്കാര്‍. മാര്‍ച്ച് നാലിന് തായ്ലന്‍ഡില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വോണിന്റെ വേര്‍പാട്. ആസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.
ആസ്‌ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷ് അന്തരിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. അഡ്ലെയ്ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74കാരന്റെ അന്ത്യം. 1970 മുതല്‍ 84 വരെയായിരുന്നു മാര്‍ഷിന്റെ കളിജീവിതം. ഇടങ്കയ്യനായിരുന്നു മാര്‍ഷ് ആസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പറാണ്.
ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ വിയോഗമാണ് ഞെട്ടലുണ്ടാക്കിയത്. മെയ് മാസത്തില്‍ ക്വിന്‍സ്ലന്‍ഡില്‍ വെച്ചുണ്ടായ കാറപകടത്തിലായിരുന്നു സൈമണ്ട്‌സിന്റെ അന്ത്യം. രണ്ട് തവണ ലോകകപ്പ് നേടിയ ഓസീസ് ടീമിലംഗമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്. മലയാളി താരം ശ്രീശാന്തുമായുള്ള കളിക്കളത്തിലെ പോര് ഇന്നും ഓര്‍മകളിലുണ്ട്.
6. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ജഗദീശനെന്ന വെടിക്കെട്ടുകാരന്‍
അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റും അതിലൊരു താരവും ശ്രദ്ധ നേടിയ വര്‍ഷത്തിന് കൂടിയാണ് അവസാനമാകുന്നത്. തമിഴ്‌നാട്ടുകാരന്‍ ജഗദീശനാണ് വെടിക്കെട്ട് പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ പ്രകമ്പനം കൊള്ളിച്ചത്. വിജയ്ഹസാരെ ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരായ മത്സരത്തില്‍ ജഗദീശന്‍ ഒറ്റക്ക് നേടിയത് 277 റണ്‍സ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആരും ഇത്രയും റണ്‍സ് നേടിയിട്ടില്ല.
141 പന്തുകളില്‍ 25 ഫോറും പതിനഞ്ച് സിക്സറുകളും അടക്കമായിരുന്നു ജഗദീശന്റെ മാരക ഇന്നിങ്‌സ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയാണ് ജഗദീശന്റേത്. 114 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. ഉയര്‍ന്ന സ്‌ട്രേക്ക് റൈറ്റും ജദഗീശന്റെ പേരിലായി. ഇതെ മത്സരത്തില്‍ തന്നെ മറ്റൊരു റെക്കോര്‍ഡും ഉയര്‍ന്നു. 50 ഓവറില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 506 എന്ന പടുകൂറ്റന്‍ സ്‌കോറാണ് തമിഴ്‌നാട് പടുത്തുയര്‍ത്തിയത്. ജഗദീശന്റെ ആ തകര്‍പ്പന്‍ ഇന്നിങ്‌സ് ഐപിഎല്‍ ലേലത്തിലും തിളങ്ങി. 90 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ റാഞ്ചിയത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഭാഗമായിരുന്നു. താരത്തെ വീണ്ടും കൊണ്ടുവരാന്‍ ചെന്നൈ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത വാശിയോടെ രംഗത്ത് എത്തുകയായിരുന്നു.
7. 18.5 കോടിയുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് സാം കറന്‍
18.5 കോടിയുടെ കണക്ക് കേട്ടാണ് 2022 വിടവാങ്ങുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന പെരുമയും പേറിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് എത്തുന്നത്. സാം കറനായി പൊരിഞ്ഞ ലേലമാണ് നടന്നത്. ചെന്നൈയും വിടാതാ പണം വീശിയപ്പോള്‍ ലേലം പൊടിപൊടിച്ചു. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് നേടിയ 16.25 കോടിയെന്ന റെക്കോര്‍ഡാണ് സാം കറനായി വഴിമാറിയത്. രണ്ട് കോടിയില്‍ നിന്നാണ് ലേലം പൊടിപൊടിച്ച് 16 കോടിയിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായിരുന്നു സാം കറന്‍. ഇതാണ് താരത്തിന്റെ പിന്നാലെ പോകാന്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ പ്രേരിപ്പിച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും എതിരാളികള്‍ക്ക് മേല്‍ പ്രഹരമേല്‍പ്പിക്കാന്‍ മിടുമിടുക്കനാണ് ഈ 24കാരന്‍.
Adjust Story Font
16