സഞ്ജുവിന് കഴിയാത്തതാണ് പഠീദാറിന് കഴിഞ്ഞത്: മാത്യു ഹൈഡന്‍
പുറത്താവാതെ ഇന്നലെ 112 റണ്‍സാണ് പഠീദാര്‍ അടിച്ചു കൂട്ടിയത്
ലഖ്നൗവിനെതിരായ അവിസ്മരണീയ പ്രകടനത്തിന് ശേഷം ഇന്ത്യൻ യുവതാരം രജത് പഠീദാറിന് അഭിനന്ദന പ്രവാഹം. നിരവധി പേരാണ് പഠീദാറിനെ അഭിനന്ദിച്ച് ഇതിനോടകം രംഗത്തു വന്നത്. 54 പന്തിൽ നിന്ന് 112 റൺസാണ് പഠീദാർ അടിച്ചു കൂട്ടിയത്. ലഖ്നൗവിനെതിരെ ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിൽ പകുതിയും പഠീദാറിന്‍റെ ബാറ്റിൽ നിന്നാണ് പിറവിയെടുത്തത്. ആസ്‌ട്രേലിയൻ ബാറ്റിങ് ഇതിഹാസം മാത്യു ഹൈഡനും പഠീദാറിനെ വാനോളം പുകഴ്ത്തി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് കഴിയാത്തതാണ് പഠീദാറിന് കഴിഞ്ഞതെന്ന് ഹൈഡന്‍ പറഞ്ഞു.
"സഞ്ജു സാംസണ് കഴിയാത്തതാണ് ഇന്നലെ പഠീദാറിന് കഴിഞ്ഞത്. അത് അയാളുടെ രാത്രിയായിരുന്നു. ഓൺ സൈഡിലും ഓഫ് സൈഡിലുമൊക്കെ മനോഹരമായ ഷോട്ടുകളാണ് അദ്ദേഹം പായിക്കുന്നത്"- ഹൈഡന്‍ പറഞ്ഞു. നേരത്തേ രവി ശാസ്ത്രിയും പഠീദാറിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
"പകരക്കാരനായെത്തിയ കളിക്കാരനാണയാൾ. ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടു കാലത്തെ അനുഭവ സമ്പത്തുള്ള ഒരാൾ ബാറ്റ് വീശുന്നത് പോലെയാണ് അയാളുടെ ബാറ്റിങ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. എതിർ നിരയിൽ ഒരു ബൗളർക്ക് പോലും അയാളെ കീഴടക്കാനായില്ലല്ലോ. മനോഹരമായ ഷോട്ടുകൾ. പ്ലേ ഓഫിന്റെ സമ്മർദങ്ങളൊന്നും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല" രവി ശാസ്ത്രി പറഞ്ഞു.
മത്സരത്തിൽ മൂന്ന് തവണ പഠീദാറിനെ പുറത്താക്കാൻ കിട്ടിയ അവസരം ലഖ്നൗ ഫീൽഡർമാർ കളഞ്ഞു കുളിച്ചിരുന്നു. പിന്നീട് രവി ബിഷ്‌ണോയ് അടക്കം പേരു കേട്ട പല ബോളർമാരും പഠിദാറിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
സെഞ്ച്വറിയടിച്ച പഠിദാറിന്‍റെ ബാറ്റിങ് കരുത്തിൽ ബാംഗ്ലൂർ നേടിയ കൂറ്റൻ സ്‌കോർ മറികടക്കാനുള്ള ലഖ്‌നൗവിന്റെ പോരാട്ടം 193 റൺസിലൊതുങ്ങി. 14 റൺസിനായിരുന്നു ആർസിബി യുടെ വിജയം.
Adjust Story Font
16